കളിയിക്കാവിളയില്‍ സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഗുരുതരനിലയില്‍
കേരളാ തമിഴ് നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സഹപാഠി നല്‍കിയ ശീതള പാനിയം കുടിച്ച് വിദ്യാര്‍ത്ഥി ഗുരുതരനിലയില്‍. കളിയിക്കാവിള മെതുകുമ്മല്‍ സ്വദേശി സുനില്‍ – സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ (11) ആണ് ഗുരുതരനിലയില്‍ ചികിത്സയിലിരിക്കുന്നത്. വിദ്യാര്‍ത്ഥി ഇപ്പോള്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതംകോടിലുള്ള സ്വകാര്യ സ്‌കൂളിലാണ് അശ്വിന്‍ പഠിക്കുന്നത്. കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞ ശേഷം സ്‌കൂളില്‍ നിന്നു വീട്ടിലേയ്ക്ക് മടങ്ങാന്‍ നില്‍ക്കുന്നതിനിടെ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി ബോട്ടിലിലുള്ള ശീതള പാനീയം കുടിക്കാന്‍വേണ്ടി അശ്വിന്റെ മുന്നിലേക്ക് നീട്ടി. അശ്വിന്‍ വാങ്ങി കുടിച്ച ശേഷം ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് രാത്രി ഛര്‍ദിയും ദേഹാസ്വസ്ഥതയും അനുഭവപ്പെട്ടു. ഉടന്‍ ബന്ധുക്കള്‍ കളിയിക്കാവിളയിലും തുടര്‍ന്ന് അടുത്ത ദിവസം മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
വായിലും നാവിലും വ്രണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പരിശോധന നടത്തിയതില്‍ ആസിഡ് പോലുള്ള ദ്രാവകം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കളിയിക്കാവിള പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി രക്ഷകര്‍ത്താക്കളില്‍ നിന്നും പരാതി സ്വീകരിച്ച ശേഷം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സ്‌കൂളില്‍ വച്ചു മറ്റൊരു വിദ്യാര്‍ത്ഥി ശീതള പാനിയം തന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്. എന്നാല്‍ ശീതള പാനിയം നല്‍കിയ വിദ്യാര്‍ത്ഥിആരാണെന്ന് അറിയില്ല എന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. തുടര്‍ പരിശോധനയില്‍ കുട്ടിയുടെ രണ്ടു വൃക്കകളും തകരാറിലാണെന്നും നിലവില്‍ ഇപ്പോള്‍ ഡയാലിസ് ചെയ്തു വരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കളിയിക്കാവിള പൊലീസ് കേസെടുത്ത ശേഷം സ്‌കൂള്‍ അധികൃതരേയും ചോദ്യം ചെയ്തു വരുന്നു.