കോടിയേരിക്ക് കണ്ണീരോടെ കേരളത്തിന്റെ യാത്രാമൊഴി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴിയേകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു. ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‌ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു.

മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ കാല്‍നടയായിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും ആംബുലന്‍സിനെ അനുഗമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം എ ബേബി, എം വി ഗോവിന്ദന്‍, എം വിജയരാജന്‍, വിജയരാഘവന്‍, കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു. പിണറായിയും യെച്ചൂരിയും കോടിയേരിയുടെ ഭൌതികദേഹം വിലാപയാത്രയില്‍ ചുമലിലേറ്റി.

തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ജനസാഗരമാണ് തലശ്ശേരി ടൌണ്‍ ഹാളിലും കണ്ണൂരിലെ വീട്ടിലും ജില്ലാകമ്മിറ്റി ഓഫീസിലും എത്തിച്ചേര്‍ന്നിരുന്നത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൌണ്‍ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടായിരുന്നു. ജീവിതത്തിന്റെ നാനാ തുറകളിലുള്ളവര്‍ കോടിയേരിയുടെ കണ്ണൂരിലെ വീട്ടിലും അഴീക്കോടന്‍ സ്മാരക മന്ദിരത്തിലും തടിച്ച് കൂടിയിരുന്നു.

ഭാര്യ വിനോദിനിയും മക്കളും പൊട്ടിക്കരഞ്ഞു കൊണ്ടാണ് വീട്ടില്‍ നിന്ന് കോടിയേരിക്ക് അവസാന യാത്രമൊഴിയേകിയത്. ഈങ്ങയില്‍ പീടികയിലെ വീട്ടില്‍ നിന്ന് കണ്ണൂരിലേയ്ക്കുള്ള വിലാപയാത്രയില്‍ വഴിക്ക് ഇരുവശവും അന്ത്യാഭിവാദ്യവുമായി ജനം തടിച്ചുകൂടിയിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന കോടിയേരി ശനിയാഴ്ച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്. കോടിയേരിയുടെ സംസ്‌കാരത്തിന് ശേഷമുള്ള, തന്റെ പ്രസം?ഗം മുഴുവിപ്പിക്കാനാവാതെ തൊണ്ടയിടറിയ പിണറായി വിജയന്‍ കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴാണ് തിരികെ കസേരയിലേക്ക് വന്നിരുന്നത്.

ഇത്രയധികം ദുഖിതനായ പിണറായിയെ ഇതാദ്യമായാണ് ജനങ്ങള്‍ കാണുന്നത്. ചെറുപ്പകാലം മുതല്‍ ഇന്നുവരെ ഒന്നിച്ച് പ്രവര്‍ത്തിച്ച പ്രിയ സഖാവിനെയാണ്, കോടിയേരിയുടെ വിയോ?ഗത്തിലൂടെ മുഖ്യമന്ത്രിക്ക് നഷ്ടമാവുന്നത്. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കുന്നത് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോടിയേരിയുടെ സംസ്‌കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്.