ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു ; ഏഴുവയസുകാരന് ദാരുണാന്ത്യം
ഇലക്ട്രിക് വാഹന വിപണി ഇപ്പോള്‍ സജീവമാണ്. ഏറെപ്പേര്‍ പെട്രോള്‍ വാഹനങ്ങള്‍ വിട്ട് ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് തിരിഞ്ഞു കഴിഞ്ഞു. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയാണ് ഇപ്പോള്‍ ഏറെ സജീവം. നല്ല മത്സരമാണ് ഈ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാര്യക്ഷമതയില്‍ സംശയം ഏറെയാണ്. അതുപോലെ തന്നെ അപകടങ്ങളും. അത്തരത്തില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഗറിലാണ് സംഭവം നടന്നത്. വീട്ടില്‍ വച്ച് തന്നെയായിരുന്നു അപകടം നടന്നത്.
ഷാബിര്‍ ഷഹനാസ് എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയ്ക്ക് 70 ശതമാനത്തോളം പൊള്ളലേല്‍ക്കുകയായിരുന്നു. ഷാബിറും മുത്തശ്ശിയും വീട്ടിലെ ഹാളില്‍ കിടന്ന് മയങ്ങുന്ന സമയത്ത് ഷാബിറിന്റെ പിതാവാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വച്ചത്. ബാറ്ററി പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ ഷാബിറിനേയും മുത്തശ്ശിയേയും ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഷാബിറിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ മണിക്പുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അമിതമായി ചൂടായതുകൊണ്ടാണ് ബാറ്ററി പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഗുണനിലവാരമില്ലാത്ത ബാറ്ററി നല്‍കി സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ വഞ്ചിച്ചെന്ന് മരിച്ച കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.