റോഡ് തകര്‍ന്നടിഞ്ഞു ; പൊന്മുടി പൂര്‍ണമായും ഒറ്റപ്പെട്ടു

മഴയില്‍ റോഡ് ഇടിഞ്ഞു വീണതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി പൂര്‍ണമായും ഒറ്റപ്പെട്ടു. പൊന്മുടിയുടെ പന്ത്രണ്ടാമത്തെ വളവില്‍ ഭാഗികമായി ഇടിഞ്ഞ റോഡ് പൂര്‍ണമായും തകര്‍ന്നതോടെയാണ് സ്ഥലം ഒറ്റപ്പെട്ട അവസ്ഥയിലായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് തകര്‍ന്നടിഞ്ഞത്. ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളാണ് ഒറ്റപ്പെട്ടത്. റോഡ് ഭാഗികമായി തകര്‍ന്നതിനാല്‍ വിനോദസഞ്ചാരികളെ വിലക്കിയിരുന്നു. 12ആം വളവിന് മുകളിലേക്ക് വാഹനങ്ങള്‍ക്ക് കടന്നു പോകാനാവില്ല.

ഇപ്പോള്‍ ലയങ്ങളിലെ തൊഴിലാളികളെയും കെ.റ്റി.ഡി.സി ജീവനക്കാരെയും മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. റോഡ് ഭാഗികമായി ഇടിഞ്ഞപ്പോള്‍ തന്നെ അത് പുനര്‍ നിര്‍മ്മിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അധികാരികള്‍ ശ്രദ്ധിക്കാത്തത് കാരണമാണ് ഇപ്പോള്‍ റോഡ് മുഴുവനായും നശിക്കാന്‍ കാരണമായത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മത്സ്യബന്ധനത്തിനും തടസമില്ല.