ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ 10 പേര്‍ മരിച്ചു

ഉത്തരാഖണ്ഡിലെ ദ്രൗപതിദണ്ഡയില്‍ ഉണ്ടായ ഹിമപാതത്തില്‍ 10 പേര്‍ മരിച്ചു .നാല് പേരുടെ മൃതദേഹം പുറത്തെടുത്തു. എട്ട് പേരെ രക്ഷപ്പെടുത്തിയെന്ന് ഐടിബിപി വ്യക്തമാക്കി. രാവിലെ 8.45 നാണ് അപകടമുണ്ടായത്. പര്‍വതാരോഹണ പരിശീലനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. 41 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ പറഞ്ഞു. 34 വിദ്യാര്‍ത്ഥികളും ഏഴ് അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നവര്‍.

ഉത്തരാഖണ്ഡിലെ അപകടത്തില്‍ അതീവ ദുഖമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. അധികൃതരുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. അപകടം ഉണ്ടായ മേഖലയില്‍ കനത്ത മഞ്ഞ് വീഴ്ച്ച തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വ്യോമസേനാ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് എസ്ഡിആര്‍എഫ് കമാന്‍ഡന്റ് മണികാന്ത് മിശ്ര പറഞ്ഞു. കരസേന, എന്‍ഡിആര്‍എഫ്, എസ്ടിആര്‍എഫ്, ഐടിബിപി എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിായി വ്യോമസേനയുടെ രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്‌