വൃത്തിയില്ലാത്തവരുടെ നാടായി കേരളം മാറുന്നു ; ശുചിത്വ സര്‍വേയില്‍ കേരളത്തിലെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളില്‍ ഇല്ല
മലയാളികളുടെ വൃത്തി ലോക പ്രസിദ്ധമാണ്. എന്നാല്‍ അത് പറച്ചിലില്‍ മാത്രമാണ് ഇപ്പോള്‍ എന്ന് പറയേണ്ടി വരും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മലയാളി ഇപ്പോള്‍ നാട് എങ്ങനെ പോയാലും എനിക്കൊന്നുമില്ല എന്ന മനോനിലയില്‍ ആണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കും ഇപ്പോള്‍ വൃത്തിയെ പറ്റി യാതൊരു ചിന്തയും ഇല്ല. അതുകൊണ്ടു തന്നെ ദേശിയ ശുചിത്വ സര്‍വേയില്‍ കേരളത്തിലെ നഗരങ്ങള്‍ ഏറെ പിന്നില്‍. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് സര്‍വേ നടത്തിയത്. സംസ്ഥാനത്തെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ ആലപ്പുഴ നഗരസഭയ്ക്കാണ് ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് കിട്ടിയത്. 190-ാം സ്ഥാനമാണ് ആലപ്പുഴ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 234 -ാം സ്ഥാനത്തായിരുന്നു. കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കൊല്ലം എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റു നഗരങ്ങള്‍.
298-ാം സ്ഥാനത്ത് കൊച്ചിയും 305 -ാം സ്ഥാനത്ത് തിരുവനന്തപുരവും 313 -ാം സ്ഥാനത്തായി തൃശ്ശൂരും പിറകിലുണ്ട്. 336, 366 സ്ഥാനങ്ങളിലായി കോഴിക്കോടും കൊല്ലവുമുണ്ട്. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ദേശീയ റാങ്കിങ്ങില്‍ സംസ്ഥാനത്തെ നഗരങ്ങള്‍ ഏറെ പിന്നിലാണ്. ദക്ഷിണേന്ത്യയില്‍ മികവു പുലര്‍ത്തുന്ന നഗരങ്ങളുടെ പട്ടികയിലും കേരളത്തില്‍ നിന്നുള്ള ഒരു നഗരങ്ങളും ഉള്‍പ്പെട്ടിട്ടില്ല. ആലപ്പുഴ(1347), കൊച്ചി (2593), തിരുവനന്തപുരം (2735), തൃശൂര്‍ (2827), പാലക്കാട് (2901), കോഴിക്കോട് (3192), കൊല്ലം (3821) എന്നിങ്ങനെയാണ് ദേശീയ റാങ്കിങ്ങില്‍ കേരളത്തിലെ നഗരങ്ങളുടെ സ്ഥാനം. അതേസമയം ഇന്‍ഡോര്‍ ആണ് ദേശീയതലത്തില്‍ വൃത്തിയുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണയും ഇന്‍ഡോര്‍ ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഇത് ആറാം തവണയാണ് ഇന്‍ഡോര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് സൂറത്തും മൂന്നാം സ്ഥാനത്ത് നവി മുംബൈയുമാണുള്ളത്. നാല്, അഞ്ച് സ്ഥാനങ്ങളില്‍ വിശാഖ പട്ടണം, വിജയവാഡ എന്നീ നഗരങ്ങളാണ് ഉള്ളത്.