പോലീസ് ഉദ്യോഗസ്ഥര്‍ക്ക് PFI ബന്ധമുണ്ടെന്ന NIA റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്

കേരളാ പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ഡിജിപിയ്ക്ക് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്. നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള 873 പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിയ്ക്ക് എന്‍ഐഎ കൈമാറിയെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി കേരള പോലീസ് രംഗത്തെത്തിയത്. എന്നാല്‍ കേരള പോലീസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് എന്‍ഐഎ ഉയര്‍ത്തുന്ന വിമര്‍ശനം. എന്‍ഐഎ സംഘടിപ്പിച്ച റെയ്ഡ് വിവരങ്ങളാണ് ചോര്‍ത്തി നല്‍കിയത്. റെയ്ഡ് വിവരങ്ങള്‍ ചോരാന്‍ പൊലീസ് നടപടി കാരണമായെന്നും പിഎഫ്ഐക്ക് റെയ്ഡിനെ പ്രതിരോധിക്കാന്‍ അവസരം നല്‍കിയെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരീക്ഷിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നതടക്കം കാര്യങ്ങള്‍ എന്‍ഐഎ എഡിജിപിയെ ധരിപ്പിച്ചു. സംസ്ഥാന പൊലീസിനെ ചില ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് റെയ്ഡ് സംബന്ധിച്ച് ആദ്യം വിവരം ലഭിച്ചിരുന്നുള്ളൂ. ഒരു തരത്തിലും വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്‍ഐഎ ശ്രമിച്ചിരുന്നു. പൊലീസിനിടയില്‍ തന്നെയുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.