വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാര്‍ട്ടികളോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ ജജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് കമ്മീഷന്റെ നടപടി. ഇതുവരെ നല്‍കിയ വാഗ്ദാനങ്ങള്‍ വിശദീകരിക്കാന്‍ കമ്മീഷന്‍ കത്തില്‍ നിര്‍ദ്ദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയ്ക്ക് ധനസഹായം നല്‍കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിശദീകരിക്കണം. ഒക്ടോബര്‍ 19നകം എല്ലാ കക്ഷികളോടും അഭിപ്രായം അറിയിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകടന പത്രികയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ സാമ്പത്തിക സാദ്ധ്യതയെക്കുറിച്ചും അവ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ സാമ്പത്തിക ശേഷിയിലാണോ എന്നതിനെ കുറിച്ചും വോട്ടര്‍മാരെ അറിയിക്കുകയാണ് പരിഷ്‌കരണ നിര്‍ദ്ദേശത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.