800 രൂപയും ചെലവും തന്നാല്‍ കെഎസ്ആര്‍ടിസി ഓടിച്ചു കളക്ഷന്‍ ഉണ്ടാക്കുന്നത് കാണിക്കാം എന്ന് പ്രൈവറ്റ് ബസ് ഡ്രൈവര്‍

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കെഎസ്ആര്‍ടിസിയെ കുറിച്ച് ഇപ്പോള്‍ ധാരാളം പരാതികളും വരികയാണ്. ശമ്പള പ്രതിസന്ധികള്‍ മൂലം സമരം. ഡ്യൂട്ടി അറേഞ്ച്‌മെന്റ് മൂലം സമരം. പലപ്പോഴായി ജീവനക്കാരുടെ മോശം പെരുമാറ്റം കൊണ്ടും കെഎസ്ആര്‍ടിസി വാര്‍ത്തകളില്‍ സ്ഥാനം നേടി. പാസ് ചോദിച്ചുപോയ അച്ഛനെയും മകളെയും തല്ലിയതാണ് ഒരു കേസെങ്കില്‍, യാത്രക്കാരെ തെറി പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടതായിരുന്നു മറ്റൊന്ന്. യാത്രക്കാരനോട് മോശമായി സംസാരിച്ച് ഒടുവില്‍ യാത്രക്കാരനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് മറ്റൊന്ന്. ഇതിനെല്ലാം പുറമെ പുതിയ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച സമര പ്രഖ്യാപനവും വന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും അറിയിച്ചതോടെയാണ് താല്‍ക്കാലികമായി സമരം പിന്‍വലിച്ചത്.

ഈ സാഹചര്യത്തിലാണ് ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടേതെന്ന പേരില്‍ കുറിപ്പ് വൈറലാകുന്നത്. ഇതിന്റെ യഥാര്‍ത്ഥ ഉറവിടം വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ പറപറക്കുകയാണ് കുറിപ്പ്. സേവ് കെഎസ്ആര്‍ടിസി എന്ന ഹാഷ് ടാഗുമായാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോലിസമയം 12 മണിക്കൂര്‍ ആക്കിയതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാര്‍ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചതടക്കം പരാമര്‍ശിച്ചിക്കുന്ന കുറിപ്പില്‍ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്ത് നോക്കി നില്‍ക്കാതെ, ആദ്യം പണിയെടുത്തിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്നും കുറിപ്പില്‍ പറയുന്നു. കെഎസ്ആര്‍ടിസി എംഡിക്ക് എന്ന പേരിലാണ് ഇപ്പോള്‍ കുറിപ്പ് പ്രചരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം :

‘ഡിയര്‍ കെഎസ്ആര്‍ടിസി എംഡി 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം ഈ വണ്ടി. പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുവോ…? 5000 ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത്. ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം.

എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവര്‍.