മ്യാന്‍മാറില്‍ തടവിലായിരുന്ന ഇന്ത്യക്കാരില്‍ 16 പേരെ രക്ഷിച്ചു
മ്യാന്‍മറില്‍ സായുധ സംഘത്തിന്റെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു. ഇതില്‍ 13 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. തടവിലാക്കിവച്ചിരിക്കുന്നവരെ അതിക്രൂരമായ പീഡനത്തിനാണ് അക്രമിസംഘം ഇരയാക്കുന്നതെന്ന് തിരികെയെത്തിയവര്‍ പറഞ്ഞു. നിലവില്‍ മലയാളികളടക്കം മുന്നൂറോളം പേരാണ് മ്യാന്‍മറില്‍ തടവില്‍ കഴിയുന്നത്. മ്യാന്‍മറില്‍ നിന്ന് വിമാനത്തില്‍ ദില്ലിയിലെത്തിച്ച 13 തമിഴ്‌നാട് സ്വദേശികളെ ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് മൂന്നുപേര്‍. ക്രൂരമായ പീഡനത്തിനാണ് ബന്ദികളായിരിക്കെ തങ്ങളെ വിധേയരാക്കിയതെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു. 16 മണിക്കൂര്‍ വരെ വിശ്രമമില്ലാതെ പണിയെടുപ്പിച്ചു. എതിര്‍ത്തവരെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കി, ഭക്ഷണം നിഷേധിച്ചു.
ഡാറ്റ എന്‍ട്രി ജോലിക്കെന്ന പേരില്‍ മ്യാന്‍മറില്‍ എത്തിച്ച ഇവരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനാണ് ഉപയോഗിച്ചിരുന്നത്. മലയാളികളായ 30 പേരടക്കം മുന്നൂറോളം പേര്‍ ഇപ്പോഴും സംഘത്തിന്റെ തടവിലാണ്. കഴിഞ്ഞ ദിവസം മ്യാന്‍മറിലെ മ്യാവഡി എന്ന സ്ഥലത്ത് മൂന്ന് മലയാളികളടക്കം തടവിലുണ്ടായിരുന്ന ആറ് പേര്‍ മ്യാന്‍മര്‍ പൊലീസിന്റെ പിടിയിലായിരുന്നു. പൊലീസ് സ്റ്റേഷനുമുമ്പില്‍ അക്രമിസംഘം ഇറക്കിവിട്ട ഇവരെ വീസ നിയമങ്ങള്‍ ലംഘിച്ചു എന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഇപ്പോഴത്തെ നിലയെന്തെന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ബാക്കി ഉള്ളവരുടെ മോചനത്തിനായി സര്‍ക്കാര്‍ ഉടനടി ഇടപെടണം എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.