ഉത്തരാഖണ്ഡില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 മരണം

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിയിലെ പൗഡി ഗഢ്വാളില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 21 പേരെ രക്ഷപ്പെടുത്തി. അപകടം സംഭവിച്ച വാഹനത്തില്‍ 50പേര്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബിറോഖലിലെ ഒരു ഗ്രാമത്തിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു സംഘം. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്തി. അഞ്ഞൂറു മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും സംസ്ഥാന പോലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഇരുട്ട് രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെളിച്ചം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ഫോണുകളിലെ ഫ്‌ലാഷ് ലൈറ്റുകള്‍ ഉപയോഗിച്ചും മറ്റുമാണ് പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. . രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും പലരുടെയും മരണം സംഭവിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും പരമാവധി സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനങ്ങളില്‍ ഏറെ സഹകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡില്‍ രണ്ടു ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ദുരന്തമാണ് ഇത്. കഴിഞ്ഞ ദിവസം ഹിമപാതമുണ്ടായി പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗഢ്വാളിലുണ്ടായ ഹിമപാതത്തില്‍ കണ്ടെത്താനുള്ളത് 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. അപകടത്തില്‍പ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പത്തു ട്രെയിനീ മൗണ്ടനേഴ്സാണ് കൊല്ലപ്പെട്ടത്.