യുഎസില്‍ അക്രമി തട്ടിക്കൊണ്ടുപോയ നാലംഗ ഇന്ത്യന്‍ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

അക്രമികള്‍ തട്ടിക്കൊണ്ടുപോയ നാലംഗ ഇന്ത്യന്‍ കുടുംബത്തെ ബുധനാഴ്ച കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മെഴ്സ്ഡ് കൗണ്ടി ഷെരീഫ് വെര്‍ണ്‍ വാര്‍ങ്കെ പറഞ്ഞു. തിങ്കളാഴ്ചയാണ് പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളായ കുടുംബത്തെ കാലിഫോര്‍ണിയയിലെ മെഴ്സ്ഡ് കൗണ്ടിയിലെ സ്വന്തം ഗ്യാസ് സ്റ്റേഷനില്‍നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗ്യാസ് സ്റ്റേഷന്‍. 8 മാസം പ്രായമുള്ള അരൂഹി ധേരി, 27 കാരിയായ അമ്മ ജസ്ലീന്‍ കൗര്‍, 36 കാരനായ അച്ഛന്‍ ജസ്ദീപ് സിംഗ്, 39 കാരനായ അമ്മാവന്‍ അമന്‍ദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

കുടുംബാംഗങ്ങളില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനം തിങ്കളാഴ്ച വൈകിയാണ് തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരുടെ ബാങ്ക് കാര്‍ഡുകളിലൊന്ന് മെഴ്സ്ഡ് കൗണ്ടിയിലെ അറ്റ്വാട്ടറിലെ എടിഎമ്മില്‍ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടന്നത്.തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരങ്ങളും റെസ്റ്റോറന്റുകളും ഉള്‍പ്പെടുന്ന സ്ഥലമാണ്. തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് ആരെയെങ്കിലും സംശയിക്കുന്നതായോ പുറത്തുവിട്ടിട്ടില്ലെന്നും എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.സംഭവത്തില്‍ 48കാരനായ ജീസസ് സല്‍ഗാഡോയെ എന്നയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു.