വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്ര ബസ് KSRTC ബസ്സില്‍ ഇടിച്ചു ; 9 മരണം

ദേശീയ പാതയില്‍ വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ ഇടിച്ചു 9 മരണം. അപകടം. 12 പേരുടെ നില ഗുരുതരമാണ്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പുറകില്‍ ഇടിയ്ക്കുകയായിരുന്നു. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്. പരിക്കേറ്റ നാല്‍പ്പതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഒമ്പതു പേരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന 3 പേരും ടൂറിസ്റ്റ് ബസിലെ 5 യാത്രക്കാരുമാണിത്. 37 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സ്‌കൂളില്‍ നിന്നും വിനോദയാത്രാ സംഘം പുറപ്പെട്ടത്. 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ച ചതുപ്പിലേക്ക് മറിഞ്ഞ ടൂറിസ്റ്റ് ബസ്സ് ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാശുപത്രിയിലും നാല് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറു പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. അപകടം നടന്ന പ്രൈവറ്റ് ബസിന്റെ ഡ്രൈവര്‍ ഇപ്പോള്‍ ഒളിവിലാണ് എന്നാണ് വിവരം.

എന്നാല്‍ ഡ്രൈവര്‍ ജോജോ പത്രോസ് ചികിത്സ തേടിയിരുന്നതായി വെളിപ്പെടുത്തല്‍. അപകടത്തില്‍ പെട്ട ബസിലെ ഒരാള്‍ പുലര്‍ചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടന്‍ വീട്ടില്‍ ജോജോ പത്രോസാണ് വാഹനാപകടത്തിന് കാരണമായ ബസ് ഓടിച്ച ഡ്രൈവര്‍. ആദ്യം അദ്ധ്യാപകന്‍ എന്നാണ് ഇയാള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസിന്റെ ഉടമകള്‍ എത്തി ഇയാളെ കൂട്ടികൊണ്ട് പോയി. ബസ്സിന്റെ ഡ്രൈവര്‍ എന്നാണ് ഇവര്‍ പറഞ്ഞതെന്നും നഴ്‌സ് വ്യക്തമാക്കി.

അമിത വേഗത്തില്‍ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് സംഘം പരിശോധന നടത്തുന്നുണ്ട്. അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.

അതേസമയം വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ്സ് ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാവ്. വേളാങ്കണ്ണിയാത്ര കഴിഞ്ഞ് ബസ്സ് എത്തിയത്. വിയര്‍ത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ ശ്രദ്ധിച്ച് പോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു. സ്പീഡ് കുറച്ചു പോകണമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടെന്ന് ബസ്സ് ഡ്രൈവര്‍ പറഞ്ഞിരുന്നു. വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്. അഞ്ച് ദിവസത്തെ വേളാങ്കണ്ണി യാത്ര കഴിഞ്ഞെത്തിയ ബസാണ് ഇതെന്ന് തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പറഞ്ഞു. ഒരു മണിക്കൂര്‍ വൈകിയാണ് ബൈസ് എത്തിയത്. ബസ് ലീസിനെടുത്താണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡ്രൈവര്‍ ജോമോനാണ് ബസ് ലീസിനെടുത്തത്. എല്‍ദോയാണ് ബസിന്റെ ക്ലീനര്‍.