ചോരക്കറ ഉണങ്ങാതെ കേരളത്തിലെ റോഡുകള്‍ ; ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിച്ചത് 26,407 പേര്‍

മലയാളികളുടെ കുരുതിക്കളമായി മാറി പൊതു നിരത്തുകള്‍. ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിച്ചത് 26,407 പേര്‍ അതിന്റെ പത്തിരട്ടിയലധികം പേരാണ് പരിക്കേറ്റ് ജീവിതം വഴിമുട്ടി നരകിക്കുന്നത്. 2016 മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്. 2,49,230 അപകടങ്ങളാണ് ഇക്കാലയളവില്‍ സംസ്ഥാനത്തുണ്ടായതെന്ന് മോട്ടര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങളില്‍ 2,81,320 പേര്‍ക്ക് പരിക്കേറ്റെന്നും കണക്കുകളില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 8 മാസത്തിനിടെ റോഡ് അപകടങ്ങളില്‍ 2, 838 പേര്‍ മരിച്ചതായും 32, 314 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2018, 2019 വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 80292 അപകടങ്ങളാണ് ഇക്കാലയളവില്‍ നടന്നത്.

റോഡ് അപകടങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായതും ഇക്കാലയളവില്‍ തന്നെയാണ്. 2018 ല്‍ 4,303 പേര്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടപ്പോള്‍ 2019 ല്‍ റോഡില്‍ പൊലിഞ്ഞത് 4, 440 മനുഷ്യജീവനാണ്. ഈ വര്‍ഷം ആഗസ്ത് വരെ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 28,876 റോഡപകടങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണയും ലോക് ഡൗണും കാരണം മാസങ്ങളോളം നാട് അടച്ചിട്ടിട്ടും അപകട നിരക്ക് കുറഞ്ഞിട്ടില്ല എന്നത് ഭീകരത വ്യക്തമാക്കുന്നു. എന്തെങ്കിലും അപകടം ഉണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. അതേസമയം നാട്ടില്‍ നിലവിലുള്ള വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഉള്ള വ്യാപ്തി നമ്മുടെ റോഡുകള്‍ക്ക് ഇല്ലാത്തതും മോശം റോഡുകളും അപകട നിരക്ക് കൂട്ടുവാന്‍ കാരണമാകുന്നു.