വിഴിഞ്ഞം സമരപന്തല്‍ ഉടന്‍ പൊളിക്കണമെന്ന് സമരക്കാരോട് ഹൈക്കോടതി
മാസങ്ങളായി നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരപന്തല്‍ പൊളിക്കണം എന്ന് സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് സമരക്കാര്‍ക്ക് നേരത്തേ നോട്ടിസ് നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് എന്നിവ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്. സമരത്തിന് എതിരെ പ്രാദേശിക എതിര്‍പ്പ് ഇപ്പോള്‍ രൂക്ഷമാണ്. മത്സ്യ തൊഴിലാളികളുടെ നീതിക്ക് എന്ന പേരില്‍ തുടങ്ങിയ സമരം ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന് എതിരെ മാത്രമായി മാറിക്കഴിഞ്ഞു. തീര ശോഷണം ആണ് മുഖ്യ കാരണമായി സമരക്കാര്‍ മുന്നോട്ട് വെച്ച കാരണം. എന്നാല്‍ ശംഖുമുഖം അടക്കമുള്ള ഇടങ്ങളില്‍ തീരം പഴയ പടി ആയിക്കഴിഞ്ഞു. എന്നിട്ടും സമരം നിര്‍ത്തുവാന്‍ അതിരൂപത തയ്യാറാകാത്തത് നിഗൂഢമാണ്.