ഇ റുപ്പി പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ
കാലം മാറുന്നതനുസരിച്ചു ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ (RBI). ഇതേക്കുറിച്ചുള്ള വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ഡിജിറ്റല്‍ കറന്‍സികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആര്‍ബിഐ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. ഡിജിറ്റല്‍ കറന്‍സി അഥവാ ഇ റുപ്പിയുടെ ലക്ഷ്യങ്ങള്‍, നേട്ടങ്ങള്‍, അപകടസാധ്യതകള്‍ എന്നിവയെല്ലാം ഇതില്‍ വിശദീകരിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ഉപയോഗം, ഡിസൈന്‍, ഡിജിറ്റല്‍ റുപ്പിയുടെ സാധ്യതകള്‍, ഉപയോഗങ്ങള്‍, തുടങ്ങിയ കാര്യങ്ങളും ഇതില്‍ പറയുന്നുണ്ട്. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, സാമ്പത്തിക നേട്ടങ്ങള്‍ സ്വകാര്യതാ പ്രശ്നങ്ങള്‍ എന്നിവയും ആര്‍ബിഐ വിശദീകരിച്ചിട്ടുണ്ട്.
പ്രത്യേക ഉപയോഗങ്ങള്‍ക്കായുള്ള ഇ റുപ്പികള്‍ ഉടന്‍ പുറത്തിറക്കുമെന്നും ആര്‍ബിആഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കും ഈ ഇ-റുപ്പികള്‍ പുറത്തിറക്കുക. വിശ്വാസ്യത, കാര്യക്ഷമത എന്നിവയെല്ലാമാണ് ഡിജറ്റല്‍ കറന്‍സിയുടെ മറ്റു പ്രത്യേകതകളെന്നും ആര്‍ബിഐ വ്യക്തമാക്കി. ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നതിനെക്കുറിച്ച് ആര്‍ബിഐ കാര്യമായിത്തന്നെ പരി?ഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ബജറ്റ് സെഷനില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ നല്‍കുന്ന രൂപയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി. നിലവിലുള്ള കറന്‍സിക്ക് തുല്യ മൂല്യവും ഇതിനുണ്ട്. ഇവ സമ്പൂര്‍ണമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതായിരിക്കും. ബിറ്റ്കോയിന്‍, എതര്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ നികുതി വെട്ടിപ്പിനും ഭീകര പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു എന്ന ആശങ്ക നേരത്തെ ആര്‍ബിഐ പങ്കുവെച്ചിരുന്നു. ഇവ മറികടക്കാന്‍ കൂടിയാണ് ഡിജിറ്റല്‍ റുപ്പി പുറത്തിറക്കുന്നത്.
ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ രൂപ പ്രവര്‍ത്തിക്കുക. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനാണ് ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്. ഇതൊരു ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനമാണ്. ഉപഭോക്താവിനെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ് എം എസ് അധിഷ്ഠിത ഇ -റുപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഈ സംവിധാനം ഉപയോഗിക്കുന്നവരുടെ ഡിജിറ്റല്‍ പെയ്മെന്റ് അപ്ലിക്കേഷനുകള്‍, പെയ്മെന്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവിടെ സഹായമില്ലാതെതന്നെ ഒരു ഉപഭോക്താവിന് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. രാജ്യത്തെ പൊതുമേഖല-സ്വകാര്യ ബാങ്കുകള്‍ ആയിരിക്കും ഈ റുപ്പി വിതരണം ചെയ്യുക. സേവനം ആവശ്യമുള്ളവര്‍ക്ക് ബാങ്കുകളെ സമീപിക്കാം. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ല ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ മാത്രമാണ് ആവശ്യം.