വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപെടുത്തി
വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപെടുത്തി. വയനാട് തലപ്പുഴയില്‍ ആണ് കിണറ്റിലകപ്പെട്ട പുലിയെ നോര്‍ത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവില്‍ രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നല്‍കാന്‍ പുലിയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് പുലി അകപ്പെട്ടത്. തുടര്‍ന്ന് മണിക്കൂറുകളോളം കിണറ്റില് കുടുങ്ങി. നോര്‍ത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനപാലക സംഘത്തിന്റെ പരിശ്രമത്തിനൊടുവില്‍ പുലിയെ കൂട്ടിലേക്ക് മാറ്റി. അതേസമയം മറ്റൊരു സംഭവത്തില്‍ വയനാട് ചീരാലില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ഒരു പശുവിനെ കൊന്നു. ആക്രമണത്തില്‍ രണ്ട് പശുക്കള്‍ക്ക് ഗുരുതര പരുക്കേറ്റു. കടുവയെ മയക്കു വെടിവച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു.