KSRTC പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകില്‍ ചെന്ന് ഇടിച്ചതെന്ന് ജോമോന്‍

വടക്കഞ്ചേരി വാഹനാപകടത്തിന്റെ മുഖ്യ ഉത്തരവാദിയായ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ വടക്കഞ്ചേരിയിലെത്തിച്ചു. അതേസമയം ഉറങ്ങി പോയത് അല്ല കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകില്‍ ചെന്ന് ഇടിച്ചതെന്ന് ജോമോന്‍ പോലീസിനോട് പറഞ്ഞു. ഡ്രൈവിം?ഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആര്‍ടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നുമാണ് ജോമോന്റെ വിശദീകരണം. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍. അശോകന്റെ നേതൃത്വത്തില്‍ ജോമോനെ വിശദമായി ചോദ്യം ചെയ്യും.

അപകടത്തിന് പിന്നാലെ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. അഭിഭാഷകനെ കാണാനായി തിരുവനന്തപുരത്തേക്ക് പോകുംവഴിയാണ് ജോമോന്‍ കൊല്ലം ചവറ പോലീസിന്റെ പിടിയിലായത്. കാറില്‍ ഒപ്പമുണ്ടായിരുന്ന 2 പേരെയും കസ്റ്റഡിയിലെടുത്തു.എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവര്‍. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു.

ഇതിനിടെ ടൂറിസ്റ്റ് ബസ് വളരെ അശ്രദ്ധയോടെ ഓടിക്കുന്ന ജോമോന്റെ പഴയ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തു വിട്ടു. ബസ് ഓടിച്ചു കൊണ്ട് ജോമോന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂര്‍വ്വം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവില്‍ തീരാനോവായി മാറുകയായിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിര്‍പ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂര്‍ത്തി മംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സിന് പുറകില്‍ അതിവേഗത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.