മീനച്ചില്‍ ഈസ്റ്റ് ബാങ്ക് തിരഞ്ഞെടുപ്പ് ജനപക്ഷ പാനലിന് വന്‍ വിജയം
മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം നേതൃത്വം കൊടുത്ത സഹകരണ ജനപക്ഷ മുന്നണിക്ക് വന്‍ വിജയം. 15 അംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് പേര് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ശേഷിച്ച 13 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജനപക്ഷ മുന്നണി വന്‍ വിജയം നേടിയത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും, പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തും ഉള്‍പ്പെടുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂപരിധിയും ഏറ്റവും അധികം വോട്ടര്‍മാരുമുള്ള അര്‍ബന്‍ ബാങ്കായ മീനച്ചില്‍ ഈസ്റ്റ് ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജനപക്ഷ മുന്നണി ആധികാരികമായ വിജയം നേടിയത്.
കെ.എഫ്. കുര്യന് കളപ്പുരയ്ക്കല്‍പറമ്പില്‍ നേതൃത്വം നല്കിയ പാനലില്‍ കേരള ജനപക്ഷം ചെയര്മാന് പിസി ജോര്‍ജിന്റെ മകനും ജില്ലാപഞ്ചായത്ത് അംഗവുമായ അഡ്വ. ഷോണ്‍ ജോര്‍ജും ഉള്‍പ്പെട്ടിരുന്നു.മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും 6000 വോട്ടില്‍ അധികം ഭൂരിപക്ഷം ഉണ്ട് . ജനറല്‍ സീറ്റില്‍ അജിമോന് സി.ജെ. ചിറ്റേട്ട്,അഡ്വ.ജോര്‍ജ് സെബാസ്റ്റ്യന്‍ മണിക്കൊമ്പേല്‍,ജോസ് വലിയപറമ്പില്‍,സണ്ണി കദളിക്കാട്ടില്‍,മനോജ് പി.എസ്., അഡ്വ.ഷോണ്‍ ജോര്‍ജ്,സജി കുരീക്കാട്ട് സുരേന്ദ്രന് എം.എന്‍., പട്ടികജാതി വിഭാഗത്തില്‍ സിബി കൂത്താട്ടുപാറയില്, വനിതാ വിഭാഗത്തില്‍ എല്‍സമ്മ ടോമി,ബീനാമ്മ ഫ്രാന്‍സിസ്,സജാ ജെയിംസ് നിക്ഷേപ വിഭാഗത്തില്‍ കെ.എഫ്. കുര്യന് കളപ്പുരക്കല്‍പറമ്പില്‍ എന്നിവരാണ് വിജയിച്ചത് ബാങ്കിംഗ് പ്രഫഷണല്‍ വിഭാഗത്തില്‍ ജോസഫ് സക്കറിയാസ് കൂട്ടുങ്കല്‍, ആര് വെങ്കിടാചലം ഹേമാലയം എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സെപ്റ്റംബര്‍ 18-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന് മാറ്റിവയ്ക്കുകയായിരുന്നു. രാഷ്ട്രീയ ഇടപെടല്‍ മൂലമാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത് എന്ന് കാണിച്ച് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.ഹൈകോടതി നിര്‍ദ്ദേശപ്രകാരം രണ്ട് കമ്മീഷന്മാരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയത്.