വാര്‍ത്ത വായനിയ്ക്കിടെ മുടി മുറിച്ചു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക ; കാരണമിതാണ്

ഇന്ത്യ ടുഡേ വാര്‍ത്താ അവതാരക ഗീത മോഹന്‍ ആണ് വാര്‍ത്ത വായനിയ്ക്കിടെ തന്റെ മുടി മുറിച്ചത്.  ഇറാനില്‍ മതപൊലീസിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമരം തുടരുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആണ് ഗീത മുടി മുറിച്ചത്. ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഗീത ഓണ്‍ എയറില്‍ വച്ച് മുടി മുറിക്കുകയും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഹിജാബ് ധരിക്കാത്തതിന് ഇറാന്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെയാണ് ഇറാനില്‍ പ്രതിഷേധം പൊട്ടി പുറപ്പെട്ടത്.

പരസ്യമായി മുടി മുറിച്ചും ഹിജാബ് കത്തിച്ചും തെരുവിലിറങ്ങിയ ആയിരക്കണക്കിന് സ്ത്രീകളെ ഇറാന്‍ പൊലീസ് തല്ലിച്ചതച്ചതോടെ പ്രക്ഷോഭം ആളിക്കത്തുകയായിരുന്നു. മഹ്സ അമിനിയുടേത് കസ്റ്റഡി മരണമെന്നാണ് ആരോപണം. മഹ്സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് വലിയ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. സഖേസില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ടെഹ്റാനില്‍ എത്തിയതായിരുന്നു മഹ്സയുടെ കുടുംബം. ഇവിടെ വച്ച് സഹോദരനൊപ്പം നില്‍ക്കുമ്പോഴാണ് ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ മതപൊലീസ് മഹ്സയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വാഹനത്തില്‍ വെച്ച് മത പോലീസ് അവളെ ക്രൂരമായി മര്‍ദിച്ചു. പിറ്റേന്ന് രാവിലെയാണ് മഹ്സ മരിച്ചു എന്ന് പോലീസ് പറയുന്നത്.