ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 13 ; കിട്ടിയത് ഐഫോണ്‍ 14
ഓണ്‍ലൈനില്‍ പലപ്പോഴും ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ ആകില്ല നമുക്ക് കിട്ടുന്നത്. ഓര്‍ഡര്‍ ചെയ്ത സാധനത്തിന് പകരം ഇഷ്ടികയും ബാര്‍സോപ്പും പഴയ തുണിയും ഒക്കെ കിട്ടിയവരും ഇക്കൂട്ടത്തില്‍ ഉണ്ട്. എങ്കിലും ഓണ്‍ലൈന്‍ ഷോപ്പിങ് പൊടിപൊടിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മാറികിട്ടിയിരിക്കുന്ന ഉപകരണം കണ്ട് ഞെട്ടിയിരിക്കുകയാണ് യുവാവ്. അശ്വിന്‍ ഹെഗ്‌ഡെ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തനിക്കു അപ്രതീക്ഷിതമായി കിട്ടിയ ഉല്‍പന്നത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് അശ്വിന്‍ ഒരു ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ പകരമായി ഐഫോണ്‍ 14 ആണ് ലഭിച്ചതെന്നാണ് അശ്വിന്‍ വെളിപ്പെടുത്തുന്നത്. തെളിവായി ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നുള്ള ഓര്‍ഡര്‍ വിശദാംശങ്ങളും അശ്വിന്‍ ട്വിറ്ററില്‍ പങ്കിട്ടുണ്ട്.
ഐഫോണ്‍ 13 ന്റെ 128 ജിബി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ വെരിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വെരിഫൈ ചെയ്ത് എത്തിച്ച ബോക്സില്‍ ഉള്ളത് ഐഫോണ്‍ 14 ആണ്. ഐഫോണ്‍ 13 ഉം 14 ഉം തമ്മിലുള്ള സമാനതകളായിരിക്കാം മാറിപോകാനുള്ള കാരണം തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റ് താഴെ വരുന്നത്. വാള്‍മാര്‍ട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ലിപ്കാര്‍ട്ട് അടുത്തിടെ നടന്ന ബിഗ് ബില്ല്യന്‍ വില്‍പനമേള വഴി ദശലക്ഷക്കണക്കിന് ഉല്‍പന്നങ്ങളാണ് വിറ്റത്. ആ തിരക്കിനിടെ ഫോണുകള്‍ മാറിപ്പോയതാവാമെന്നും ഇത്തരം സംഭവങ്ങള്‍ ഇതാദ്യമായല്ല എന്നും ആളുകള്‍ കമന്റുകള്‍ നല്‍കി. എന്തായാലും ഫോണ്‍ തിരികെ നല്കാന്‍ യാതൊരു പ്ലാനും ഇല്ല എന്നാണ് യുവാവ് പറയുന്നത്.