തരൂരോ…? ഖാര്‍ഗെയോ…? പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ 19 ന് അറിയാം

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ 19 ന് അറിയാം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് അന്തിമ ചിത്രമായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് അവസാനിച്ചതോടെ മുതിര്‍ന്ന നേതാക്കളായ ശശി തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയെയും അധ്യക്ഷല്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥികളായി മധുസൂദന്‍ മിസ്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുവര്‍ക്കും ഇന്ന് മുതല്‍ ഔദ്യോഗികമായി പ്രചാരണം നടത്താം. ഈ മാസം 17 ന് രഹസ്യ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. 19 ന് വോട്ടെണ്ണലും നടക്കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ബാലറ്റ് വഴി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കും. എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം ആകെ 69 ബൂത്തുകളാണ് സജ്ജീകരിക്കുകയെന്നും മിസ്ത്രി അറിയിച്ചു.

അതേ സമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് തുറന്നടിച്ച് ശശി തരൂര്‍ രംഗത്തെത്തി. ഭാരവാഹിത്വം രാജി വയ്ക്കാതെ പോലും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പിന്നില്‍ നേതാക്കള്‍ അണിനിരക്കുന്നതിലാണ് തരൂര്‍ അതൃപ്തി പരസ്യമാക്കിയത്. തെരഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഖാര്‍ഗെ തന്നയൊണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന നിര്‍ദ്ദേശം എഐസിസി തലപ്പത്തും നിന്ന് താഴേക്കെത്തിയിട്ടുണ്ട്. പിസിസികള്‍ ഒന്നടങ്കം ഖാര്‍ഗെക്ക് പിന്നില്‍ അണി നിരക്കുമ്പോള്‍ രഹസ്യബാലറ്റിലൂടെ മോശമല്ലാത്ത പിന്തുണ തനിക്ക് കിട്ടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ. കേരളത്തിലും മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഖാര്‍ഗെക്കാണ്. അതേസമയം പാര്‍ട്ടിയിലെ യുവാക്കള്‍ തരൂരിന് പിന്നില്‍ അണിനിരന്ന കാഴ്ചയും കാണുവാന്‍ കഴിയുന്നുണ്ട്.