ആര്‍എസ്എസിന് സ്വാതന്ത്ര്യസമരത്തില്‍ പങ്കില്ല , സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്നും സഹായധനം വാങ്ങി’; രാഹുല്‍ഗാന്ധി

ആര്‍ എസ് എസിനെ കടന്നാക്രമിച്ചു രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ ആണ് ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന് യാതൊരു പങ്കുമില്ലായിരുന്നുവെന്നും വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ സഹായധനം കൈപ്പറ്റിയിരുന്നെന്നും രാഹുല്‍ പറഞ്ഞു. സ്വാതന്ത്ര്യസമരം നടന്ന കാലം ബിജെപി രൂപീകരിച്ചിട്ട് പോലുമില്ല. അവര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ല. എന്റെ അറിവനുസരിച്ച് ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ആര്‍എസ്എസ് ചെയ്തത്. അവരുടെ നേതാവ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറില്‍ നിന്ന് സഹായധനം കൈപ്പറ്റിയിരുന്നു. ഈ വസ്തുതകളൊന്നും ബിജെപിക്ക് മറക്കാനാകില്ല.

കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവര്‍ രാജ്യ വിരുദ്ധരാണെന്നും അവര്‍ക്കെതിരേ പോരാടണമെന്നവും പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുമുള്ള അവസരമുണ്ടായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരിലാരെയെങ്കിലും റിമോട്ട് കണ്‍ട്രോള്‍ എന്ന് വിളിക്കുന്നത് ഇരുവരെയും അപമാനിക്കലാണ് എന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു രാഹുല്‍.