മുടി വെട്ടി വരാന്‍ പറഞ്ഞപ്പോള്‍ മൊട്ടയടിച്ചെത്തിയ കുട്ടി വിശദീകരണം ചോദിച്ച പ്രിന്‍സിപ്പലിനെ മുഖത്തടിച്ചു

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്ലസ് ടു വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദിച്ച് അവശനാക്കി. കുട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രധാനാധ്യാപകനെ അങ്കമാലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പ് മുടി നന്നായി വെട്ടി വൃത്തിയായി സ്‌കൂളില്‍ വരണമെന്ന് ക്ലാസ് അധ്യാപിക വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ തല മുണ്ഡനം ചെയ്താണ് വിദ്യാര്‍ത്ഥി വന്നത്. അധ്യാപിക പ്രിന്‍സിപ്പലിനെ കണ്ടുവരാന്‍ പറഞ്ഞയച്ചു.

പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കഴുത്തിനു പിടിച്ച് ഞെക്കുകയും മുഖത്തിടിക്കുകയും ചെയ്തു. ശേഷം ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തിരികെ സ്‌കൂളിലെത്തിച്ചു. വിദ്യാര്‍ത്ഥി വീണ്ടും അധ്യാപകനോട് വെല്ലുവിളി ഭാവത്തില്‍ സംസാരിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാലടി പൊലീസെത്തി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിളിപ്പിച്ചു. മര്‍ദനമേറ്റ പ്രധാനാധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടുമില്ല. അധ്യാപകന്റെ പരാതി ലഭിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാലടി പൊലീസ് പറഞ്ഞു.