വെള്ളി പാദസരം മോഷ്ടിക്കാന്‍ 100 വയസുകാരിയുടെ ഇരു കാല്‍പാദങ്ങളും വെട്ടിമാറ്റി

അതി ക്രൂരമായ ഒരു വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും.നൂറുവയസെത്തിയ സ്ത്രീയുടെ കാലുകള്‍ വെട്ടിമാറ്റി പാദസരം മോഷ്ടിച്ചു. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ചാണ് വയോധിക ആക്രമിക്കപ്പെട്ടത്. വൃദ്ധയുടെ രണ്ടു കാല്‍ പാദങ്ങളും താഴെ നിന്ന് അറുത്തെടുക്കുക ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരു കാലുകളും മുറിച്ചു മാറ്റുമ്പോള്‍ കരയുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. വെള്ളി പാദസരം മോഷ്ടിക്കാനായിരുന്നു മോഷ്ടാക്കളുടെ ക്രൂരത.

ഗല്‍ട്ട ഗേറ്റിലെ മീന കോളനിയിലാണ് സംഭവം. ജമുന ദേവി എന്ന വൃദ്ധയാണ് ആക്രണത്തിന് ഇരയായതെന്നും പൊലീസ് സ്ഥിരീകരിച്ചു. കവര്‍ച്ചാ സമയത്ത് ജമുന ദേവി മാത്രമായിരുന്നു വീട്ടില്‍. മകളോടൊപ്പമായിരുന്നു അവര്‍ രാത്രി ഉറങ്ങാന്‍ കിടന്നത് എന്നാല്‍, മകള്‍ രാവിലെ എഴുന്നേറ്റ് ക്ഷേത്രത്തിലേക്ക് പോയി. ഇത് മനസിലാക്കിയ കവച്ചാസംഘം, വീട്ടില്‍ അതിക്രമച്ചു കയറി. ജമുനാ ദേവിയെ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നാലെ പാദസരം ഊരാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. തുടര്‍ന്നാണ് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഇരു കാല്‍പാദങ്ങളും അറുത്തുമാറ്റി പാദസരം കൈക്കലാക്കുകയായിരുന്നു.

ക്രൂരതയുടെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു കവച്ചാസംഘത്തിന്റെ പ്രവൃത്തികള്‍. മുറിച്ചെടുത്ത കാല്‍പാദങ്ങളും ആയുധവും അവിടെ തന്നെ ഉപേക്ഷച്ച സംഘം, ശബ്ദം ഉണ്ടാക്കാതിരിക്കാന്‍ തൊണ്ടയില്‍ ശക്തമായി മര്‍ദ്ദിക്കുകയും ചെയ്തായിരുന്നു കടന്നത്. ഏറെ നേരം രക്തം വാര്‍ന്ന് കിടന്ന സ്ത്രീയെ മകള്‍ ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തത്. ആയുധങ്ങള്‍ കണ്ടെത്തിയെന്നും, പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം പ്രതികളെ കുറിച്ച് ഇതുവരെ പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.ജയ്പൂരില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് സംഭവം.