വയനാട്ടില്‍ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; ആറുപേര്‍ പിടിയില്‍

വയനാട് വൈത്തിരിയില്‍ തമിഴ്നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ പൊലീസ് പിടിയിലായി. പ്രതികളായ രണ്ട് പേര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വയനാട്ടിലേക്കെത്തിച്ച് വൈത്തിരി, ലക്കിടി എന്നിവിടങ്ങളില്‍ താമസിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.കല്‍പ്പറ്റ ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നല്‍കിയെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വൈത്തിരിയിലെ റിസോര്‍ട്ടിലും ഹോംസ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഇടനിലക്കാരായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പേരാമ്പ്ര സ്വദേശി മുജീബ്, വടകര സ്വദേശി ഷാജഹാന്‍, തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര, മേപ്പാടി സ്വദേശി ഷാനവാസ്, വൈത്തിരി സ്വദേശി അനസുല്‍ ജമാല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര എന്നിവര്‍ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടില്‍ നിന്ന് വയനാട്ടില്‍ എത്തിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് വയനാട്ടിലെത്തിച്ച യുവതിയെ പിന്നീട് റിസോര്‍ട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിക്കുയായിരുന്നുവെന്നാണ് പരാതി.