സര്‍ക്കാര്‍ പോലും അറിയാതെ എംജി റോഡ് വാടകക്ക് , വിവാദത്തില്‍ വിശദീകരണവുമായി നഗരസഭ

തലസ്ഥാനത്ത് എം ജി റോഡ് വാടകയ്ക്ക് നല്‍കിയ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് മന്ത്രി റിപ്പോര്‍ട്ട് തേടി. പൊതുമരാത്ത് റോഡ് അനുമതിയില്ലാതെ നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നല്‍കിതാണോയെന്നാണ് പരിശോധിക്കുന്നത്. അതേസമയം വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി നഗരസഭ രംഗത്ത് വന്നു. പാര്‍ക്കിംഗ് ഏരിയ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നഗരസഭ വിശദീകരിക്കുന്നത്. 2017-മുതല്‍ ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിംഗ് ഏരിയ വാടകയ്ക്ക് നല്‍കാറുണ്ടെന്നും മാസം തോറും വാടകക്ക് എടുത്ത വ്യക്തി സൊസൈറ്റിയില്‍ നേരിട്ട് കാശ് നല്‍കുന്നതാണ് രീതിയെന്നുമാണ് നഗര സഭയുടെ വിശദീകരണം.

പാര്‍ക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നാണ് കരാര്‍. ഇത് ലംഘിച്ചതായി കണ്ടാല്‍ കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ വിശദീകരിച്ചു. വിവാദമായതോടെയാണ് നഗരസഭ വിശദീകരണ കുറിപ്പ് ഇറക്കിയത്. നിലവില്‍ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയില്‍ ട്രാഫിക് നിയന്ത്രണത്തിന് 225 വാര്‍ഡന്‍മ്മാരെ പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയില്‍ അടയ്ക്കുകയാണ് പതിവ്. തുക നഗരസഭ അല്ല സ്വീകരിക്കുന്നത്. ചില ഇടങ്ങളില്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നല്‍കും. 2017-മുതല്‍ ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിംഗ് ഏരിയ വാടകയ്ക്ക് നല്‍കാറുണ്ട്. ഈ പ്രദേശത്ത് വാര്‍ഡന്മാര്‍ കാശ് പിരിക്കാറില്ല. മാസം തോറും അപേക്ഷകന്‍ സൊസൈറ്റിയില്‍ നേരിട്ട് കാശ് നല്‍കും. എന്നാല്‍ ഇവിടെ പാര്‍ക്കിംഗിനായി എത്തുന്ന ആരേയും തടയാന്‍ വാടകക്ക് എടുക്കുന്നയാള്‍ക്ക് അധികാരമില്ലെന്നാണ് നഗര സഭ വശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ആയൂര്‍വേദ കോളേജിന് സമീപത്തെ ബില്‍ഡിംഗിന് മുന്‍വശത്തെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയില്‍ ട്രാഫിക് വാര്‍ഡന്‍ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നല്‍കാമെന്നുമായിരുന്നു. ട്രാഫിക് ഉപദേശക സമിതി അപേക്ഷ പരിശോധിക്കുകയും തുടര്‍ന്ന് അനുമതി നല്‍കുകയുമാണ് ചെയ്തത്.നഗരസഭയും അപേക്ഷകനും തമ്മില്‍ എഴുതി തയ്യാറാക്കിയ കരാറില്‍ അതു വഴിയുളള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാല്‍ കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.