വിഴിഞ്ഞം പദ്ധതി : സര്‍ക്കാരും സമരക്കാര്‍ക്ക് ഒപ്പം ; നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കില്ല എന്ന് മന്ത്രി

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരിനും വലിയ താല്പര്യം ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്. പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിയുള്ള യാതൊരു സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതും പകല്‍ പോലെ വ്യക്തമാണ്. ഇപ്പോഴിതാ പദ്ധതി നീണ്ടുപോയതില്‍ അദാനി ഗ്രൂപ്പിനും പങ്കുണ്ടെന്നാണ് തുറമുഖമന്ത്രിയുടെ വിമര്‍ശനം. സമരം മൂലമുള്ള നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കണമെന്ന വിഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡിന്റെ ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കില്ല എന്നാണ് മന്ത്രി പറയുന്നത്. വിസിലിന്റെ ശുപാര്‍ശയില്‍ കടുത്ത അമര്‍ഷത്തിലാണ് രൂപത. പ്രശ്‌നപരിഹാരത്തിന് വ്യാഴാഴ്ച അദാനി ഗ്രൂപ്പുമായി സര്‍ക്കര്‍ ചര്‍ച്ച നടത്തുമെങ്കിലും സമരം തീര്‍ക്കാനാകാത്തത് പ്രതിസന്ധി കൂട്ടുന്നു.

പദ്ധതിക്കെതിരായ ലത്തീന്‍ അതിരൂപതയുടെ സമരം 54 ആം ദിവസത്തിലേക്ക് കടന്നു. പണി നിലച്ചത് മൂലമുള്ള 100 കോടി നഷ്ടപരിഹാരം സര്‍ക്കാറിനോട് ചോദിക്കുന്ന അദാനി അടുത്ത വര്‍ഷം കപ്പലടുക്കില്ലെന്നും അറിയിച്ചുകഴിഞ്ഞു. സമരം വഴിയുള്ള പ്രതിസന്ധിയില്‍ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുന്ന അദാനിയെ കരാര്‍ പ്രകാരം 2019ല്‍ പണിതീരേണ്ടതായിരുന്നുവെന്ന കാര്യം തുറമുഖമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.നേരത്തെ പലകാരണം പറഞ്ഞ് അദാനി പണി നീട്ടിക്കൊണ്ടുപോയത് ഉന്നയിച്ചാണ് സര്‍ക്കാറിന്റെ തിരിച്ചടി. നേരത്തെ തന്നെ കരാര്‍ ലംഘനം കാണിച്ച് അദാനിയും സര്‍ക്കാറും നല്‍കിയ പരാതികള്‍ ആര്‍ബിട്രേഷന്റെ പരിഗണനയിലാണ്.

ഇതിനിടെയാണ് സര്‍ക്കാറിന് കീഴിലുള്ള വീഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡ് നഷ്ടപരിഹാരം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കണമെന്ന ശുപാര്‍ശ സര്‍ക്കാറിന് നല്‍കിയത്. സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് വിസില്‍ നിലപാട്.എന്നാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതായതിനാല്‍ വിസില്‍ ശുപാര്‍ശ പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. സമരക്കാരെ പിണക്കാതെ കോടതി വഴിയും ചര്‍ച്ചയിലൂടെയുമുള്ള സമവായ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. അദാനിയുമായുള്ള ചര്‍ച്ചയില്‍ കരാര്‍ കാലാവധി നീട്ടുന്നതടക്കമുള്ള ധാരണയുണ്ടായാലും സമരം തീരാതെ പദ്ധതി ഒരിഞ്ചും മുന്നോട്ട് പോകില്ല എന്നുള്ളതാണ് സര്‍ക്കാറിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നത്. അതേസമയം കുറ്റം മുഴുവന്‍ അദാനിക്ക് മുകളിലിട്ട് കൈ കഴുകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.