വാടക ഗര്‍ഭധാരണം ; നയന്‍താര വിഘ്‌നേഷ് ദമ്പതികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ തമിഴ് നാട് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞു പിറന്നതു സംബന്ധിച്ചു നയന്‍ താരയ്ക്കും ഭര്‍ത്താവിനും എതിരെ അന്വേഷണം നടത്താന്‍ തമിഴ് നാട് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം. ഗര്‍ഭധാരണത്തിനു വേണ്ടി നിയമം ലംഘിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനമായത്. 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭര്‍ത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ നിയമം. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നാണു ചോദ്യം ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നയന്‍താരയോടു തമിഴ്‌നാട് മെഡിക്കല്‍ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ പറയുന്നു.

ഏറെക്കാലമായി പ്രണയത്തില്‍ ആയിരുന്ന ഇരുവരും കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്. ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയന്‍താര-വിഘ്നേഷ് ശിവന്‍ വിവാഹം നടന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു. ഇരുവരും വാടക ഗര്‍ഭത്തിലൂടെ മാതാപിതാക്കള്‍ ആകുവാന്‍ ഒരുങ്ങുകയാണ് എന്ന് കഴിഞ്ഞ മാസം തന്നെ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ പലരും ഇത് വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.