ചതിയുടെ പത്മവ്യൂഹം ; ആത്മകഥയുമായി സ്വപ്‌ന സുരേഷ്

പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കാന്‍ ആത്മകഥയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന് പേര് നല്‍കിയിരിക്കുന്ന ആത്മകഥയില്‍ എം ശിവശങ്കര്‍ ,മുഖ്യമന്ത്രി പിണറായി വിജയന്‍ , മുഖ്യമന്ത്രിയുടെ മകള്‍ വീണ ,ജയില്‍ ഡിജിപി അജയകുമാര്‍ തുടങ്ങിയവര്‍ക്ക് എതിരായ ആരോപണങ്ങളാണ് ഉള്ളത്.മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയനും എല്‍ ഡി എഫ് സര്‍ക്കാരിനും ഏറെ പഴികേള്‍ക്കാന്‍ സാധ്യത ഉള്ളതാണ് ഈ ബുക്ക് എന്ന് വ്യക്തം. കാരണം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനോ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താന്‍ റെക്കോര്‍ഡ് ചെയ്തത് എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടാന്‍ ആയിരുന്നുവെന്നു ആത്മകഥയില്‍ സ്വപ്‌ന വെളിപ്പെടുത്തുന്നു.

ഭരണംമറിയാല്‍ കേസ് അന്വേഷണത്തിന്റെ രീതി മാറുമെന്നും തുടര്‍ ഭരണം വരേണ്ടത് തന്റെ കൂടി ആവശ്യമെന്നും വിശ്വസിപ്പിച്ച് ഓഡിയോ റെക്കോര്‍ഡ് ചെയ്യുക ആയിരുന്നുവെന്നും സ്വപ്‌ന പറയുന്നു. കറന്റ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഒക്ടോബര്‍ 12ന് പുറത്തിറങ്ങും. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലിചാര്‍ത്തി നെറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയില്‍ ഇരുവരും അയല്‍ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഇത്. താന്‍ ശിവശങ്കരന്റെ പാര്‍വതിയായിരുന്നു. വിവാദങ്ങള്‍ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എന്‍ഐഎ ഓഫിസില്‍ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടില്‍ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു.

ആര്‍ക്കെതിരെയും ലൈംഗിക ആരോപണം ഇല്ല. മുന്‍ മന്ത്രിയും കോണ്‍സുലേറ്റിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോട് ലൈംഗിക താല്‍പര്യത്തോടെ ഇടപെട്ട് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. ഇതിന്റെ ഫോണ്‍ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു. മുന്‍പ് എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയില്‍ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്.