എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ പീഡന പരാതി

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ പീഡന പരാതിയുമായി അദ്ധ്യാപിക രംഗത്ത്. എം എല്‍ എ തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ഇന്നലെ വഞ്ചിയൂര്‍ കോടതിയില്‍ യുവതി മൊഴി നല്‍കി. കോവളത്ത് വെച്ച് കാറില്‍ വെച്ച് കൈയ്യേറ്റം ചെയ്‌തെന്നും ഇവര്‍ ഇന്നലെ വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസില്‍ ഇന്ന് മൊഴി നല്‍കുമെന്നും ഇവര്‍ കോടതിയെ അറിയിച്ചു. കാറില്‍ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ താന്‍ പരാതി നല്‍കിയതോടെ ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്‌തെന്നും യുവതി പറഞ്ഞു.

കോവളത്ത് വെച്ച് കാറില്‍ യാത്ര ചെയ്യുമ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരാതിക്കാരി നേരത്തെ മൊഴി നല്കാന്‍ തയ്യാറായിരുന്നില്ല. പരാതിയില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ എംഎല്‍എക്ക് എതിരെ കേസ് എടുക്കും. യുവതിയെ കാണാന്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പോലീസിനെ സമീപിച്ചിരുന്നു. ഇതിന് ശേഷം പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പരാതിക്കാരിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിന്‍കര പൊലീസ് ഇവരുമായി കോവളത്തേക്ക് പോവുകയായിരുന്നു. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പ്രതികരിച്ചത്.