കേരളത്തില്‍ പാല്‍വില കൂടും ; ലിറ്ററിന് 4 രൂപ വരെ

പാല്‍വില കൂട്ടാന്‍ ഒരുങ്ങി മില്‍മ. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില കൂട്ടാന്‍ തീരുമാനം . ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാന്‍ രണ്ടുപേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന്‍ നിയോഗിച്ചു. ഈ റിപ്പോര്‍ട്ടുംകൂടി കണക്കിലെടുത്താവും വില വര്‍ദ്ധനവില്‍ അന്തിമതീരുമാനമെടുക്കുക.

വെറ്ററിനറി സര്‍വകലാശാലാ ഡയറി വിഭാഗത്തിലെയും അമ്പലവയല്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷനിലെയും ഓരോപ്രതിനിധികളാണ് സമിതിയിലുള്ളത്.ഈ മാസംതന്നെ റിപ്പോര്‍ട്ട് നല്‍കിയേക്കും. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകര്‍ഷകരെ കണ്ടെത്തി സമിതി അഭിപ്രായംതേടും. വില എത്രവരെ കൂട്ടിയാല്‍ ലാഭകരമാകും എന്നതാകും ആരായുക. പാല്‍ വില വര്‍ദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ക്ഷീരവകുപ്പ് കര്‍ഷകര്‍ക്ക് 4 രൂപവീതം ഇന്‍സന്റീവ് നല്‍കുന്നുണ്ട്. പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്-സേവന നികുതി ഏര്‍പ്പെടുത്തിയതോടെ ഇവയുടെ വില ജൂലൈ 18 മുതല്‍ കൂട്ടിയിരുന്നു. അതുപോലെ അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാല്‍ കാലിത്തീറ്റ വിലയും വര്‍ധിപ്പിച്ചേക്കും.