ഉടനെ കേരളത്തിലേയ്ക്കില്ല ; പിണറായിയും കുടുംബവും ഇംഗ്ലണ്ടില്‍ നിന്ന് നാളെ ദുബൈയിലേക്ക്

വിദേശത്തു പോയാല്‍ തിരികെ വരുമ്പോള്‍ ദുബായില്‍ രണ്ടു ദിവസം തങ്ങുക എന്നത് സ്ഥിരമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. യൂറോപ്പ് യാത്രയ് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര നീട്ടിയതായി വിവരങ്ങള്‍. ഇംഗ്ലണ്ടില്‍ നിന്ന് മുഖ്യമന്ത്രി നാളെ ദുബൈയില്‍ എത്തും. രണ്ട് ദിവസം മുഖ്യമന്ത്രി ദുബായിയില്‍ ചെലവഴിക്കും. നിലവില്‍ മുഖ്യമന്ത്രിക്ക് യുഎഇയില്‍ ഔദ്യോഗിക പരിപാടികളില്ല. യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനമെന്ന പേരില്‍ മുഖ്യമന്ത്രി ഭാര്യയെയും മകളെയും കൊച്ചുമകനേയും കൊണ്ടുപോയത് വിമര്‍ശനങ്ങള്‍ ഇടയാക്കിയിരുന്നു. നോര്‍വെയില്‍ മുഖ്യമന്ത്രിക്കൊപ്പം കൊച്ചുമകനടക്കമുള്ള കുടുംബാഗങ്ങളും ഒപ്പമുണ്ടായിരുന്നു. നോര്‍വെ പിന്നിട്ട് യുകെയിലെത്തുമ്പോള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കൊപ്പം ഭാര്യ പാര്‍വ്വതീദേവിയും ഉണ്ടായികുന്നു. വിദേശ പര്യടനത്തില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങള്‍ എന്തിനെന്നാണ് ഉയരുന്ന ചോദ്യം. യാത്രയില്‍ ദുരൂഹത ഉണ്ടെന്നും മുന്‍ വിദേശ യാത്രകള്‍ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുള്ള വിദേശയാത്ര തന്നെ വിവാദത്തിലാണ്. ഇതിന് പുറമെയാണ് അധിക ചെലവിനെ കുറിച്ചുള്ള വിമര്‍ശനം.

എന്നാല്‍ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. അത് അംഗീകരിച്ചാല്‍ തന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉള്ള പ്രത്യേക പരിഗണന ഈ യാത്രയില്‍ കുടുംബാഗംങ്ങള്‍ക്കും കിട്ടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. യൂറോപ്യന്‍ യാത്രാ വിവരം പുറത്തുവന്നപ്പോള്‍ ഇതുവരെ പോയിട്ട് എന്ത് കിട്ടിയെന്ന എന്ന ചോദ്യമായിരുന്നു ആദ്യമുയര്‍ന്നത്. സന്ദര്‍ശനം തുടങ്ങാന്‍ നിശ്ചയിച്ച തീയതി കോടിയേരിയുടെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ പുതുക്കി. ഫിന്‍ലാന്റ് സന്ദര്‍ശനം വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ കോടിയേരിയുടെ സംസ്‌ക്കാരചടങ്ങ് തീര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി യാത്ര തുടങ്ങിയത്. അതേസമയം, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ യാത്രക്കുളള ചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവില്‍ ആണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.