മുഖ്യമന്ത്രി നടത്തിയത് ഉല്ലാസ യാത്ര ‘, കരാര്‍ ഒപ്പിട്ടു എന്നത് തട്ടിപ്പ്’; ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന് കുടുംബ സമ്മേതം നടത്തിയ വിദേശയാത്ര ഉല്ലാസ യാത്രയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന് പാഴ്ച്ചെലവുണ്ടാക്കുന്നതാണ് ഈ യാത്രയെന്നും ചെന്നിത്തല ആരോപിച്ചു. നോര്‍ക്ക റൂട്ട്സ് കരാര്‍ ഒപ്പിട്ടത് ഏതോ ട്രാവല്‍ ഏജന്‍സിയുമായി ആണ്. മൂവായിരം പേര്‍ക്ക് തൊഴില്‍ സാധ്യത നല്കുന്ന കരാര്‍ എന്നാണ് പറഞ്ഞത്. എന്നാല്‍ യുകെയുമായി കരാര്‍ ഒപ്പിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ആരെ പറ്റിക്കാന്‍ ആണ് സര്‍ക്കാര്‍ ഇക്കാര്യം പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു. നഗ്നമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതിനെ നിയമപരമായി നേരിടാന്‍ ആലോചിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്തും വിദേശ യാത്ര നടത്തിയിട്ടുണ്ട് . അത് പക്ഷേ ഉല്ലാസ യാത്ര ആയിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ തെളിവ് ഉണ്ടെങ്കില്‍ എ.കെ.ബാലന് പുറത്ത് വിടട്ടെയെന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.
അതേസമയം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയിരുന്നു എന്നും ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നുവെന്നുമുള്ള സിപിഎം നേതാവ് എകെ ബാലന്റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. ഓലപ്പാമ്പിനെക്കാട്ടി ആരെയും ഭയപ്പെടുത്താന്‍ നോക്കേണ്ട, ഭാര്യമാരെ കൂട്ടി വിദേശ യാത്ര പോയ മന്ത്രിമാരെക്കുറിച്ച് വെളിപ്പെടുത്താന്‍ എകെ ബാലനെ വെല്ലുവിളിക്കുകയാണെന്ന് കെസി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും മന്ത്രിതലസംഘത്തിന്റെയും യുറോപ്യന്‍ പര്യടനം സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് മുന്‍ മന്ത്രി എ കെ ബാലന് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒരു മന്ത്രി ഇരുപത്തിമൂന്ന് തവണയും മറ്റൊരു മന്ത്രി പതിനാറു തവണയും വിദേശയാത്ര നടത്തിയെന്നും അതില്‍ പന്ത്രണ്ട് തവണയും ഭാര്യമാര്‍ കൂടെ ഉണ്ടായിരുന്നു എന്നും ആരോപിച്ചത്. ഈ ആരോപണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് മുന്‍ മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു.