നരബലി കേസ് ; പ്രതി ഭഗവല്‍ സിംഗ് സജീവ സി പി എം പ്രവര്‍ത്തകനും സൈബര്‍ പോരാളിയും

കേരളത്തിനെ ഞെട്ടിച്ച നരബലി കേസില്‍ പ്രധാന പ്രതി ഭഗവല്‍ സിംഗ് സജീവ സി പി എം പ്രവര്‍ത്തകനും സൈബര്‍ പോരാളിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇയാള്‍ മലയാള ഹൈകു കവി കൂടിയാണ്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സര്‍വൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതി നല്‍കിയ മൊഴി. അതുപോലെ പരമ്പരാഗത തിരുമ്മന്‍ ചികിത്സകനുമാണ് പ്രതി. കാടുപിടിച്ച് കിടക്കുന്ന വീടും പരിസരവും, ഇലന്തൂരെന്ന മലയോര പ്രദേശത്തെ ഭഗവല്‍ സിംഗിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന സ്ഥലത്ത് തന്നെ കാവുണ്ട്. ഇലന്തൂരിലെ പരമ്പരാഗത തിരുമ്മല്‍ വൈദ്യനും നാട്ടുകാര്‍ക്കിടയില്‍ വലിയ സ്വീകാര്യനുമായിരുന്നു എന്ന് പ്രദേശവാസികള്‍. പരമ്പരാഗത തിരുമ്മല്‍ വൈദ്യന്‍ വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിംഗ്.

ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പണിത് നല്‍കിയ കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്‌കാരിക കൂട്ടായ്മകളിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന ഭഗവല്‍ സിംഗ് പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകനാണ്. ആദ്യഭാര്യയില്‍ നിന്നും ഇയാള്‍ പതിനഞ്ച് വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. ഇപ്പോള്‍ ഭഗവല്‍ സിംഗിന്റെ കൂടെയുള്ള ലൈല ഇലന്തൂരില്‍ തന്നെ ഉള്ള സ്ത്രീയാണ്. ആദ്യ വിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്. രണ്ട് പേരും വിദേശത്താണ്. . ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കവിതാ ശില്‍പശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയത്. സെപ്തംബര്‍ 26നാണ് കൊച്ചി കടവന്ത്രയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ പത്മയെ കാണാതാവുന്നത്. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. സെപ്തംബര്‍ 26ന് ശേഷവും ഭ?ഗവല്‍ ഫെയ്‌സ്ബുക്കില്‍ തുടര്‍ച്ചയായി ഹൈകു കവിതകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വരി മാത്രമുള്ള ചെറിയ ?പദ്യരൂപത്തെയാണ് ഹൈകു കവിതയെന്ന് വിളിക്കുന്നത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.

എന്നാല്‍, ഭ?ഗവല്‍ സിം?ഗിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ സുഹൃത്തുക്കളായി ഉണ്ടായിരുന്നവര്‍ വലിയ ഞെട്ടലിലാണ്. അനേകം ഹൈക്കു കവിതകളൊക്കെ എഴുതി സ്വയം കവിയായി അറിയപ്പെടുന്ന ആളാണ് ഈ ഭ?ഗവല്‍ സിം?ഗ്. ഫ്രണ്ട്‌സ് ലിസ്റ്റിലും എഴുതുന്നവരും വായിക്കുന്നവരും ധാരാളമുണ്ട്.
ഏതായാലും വാര്‍ത്ത വന്നതോടെ എല്ലാവരും വലിയ ഞെട്ടലിലാണ്. എന്നാലും ഇങ്ങനെ അല്ലറ ചില്ലറ കവിതയൊക്കെ എഴുതി പോകുന്ന ഇയാള്‍ കേരളത്തെ തന്നെ ഞെട്ടിച്ച ഒരു വലിയ നരബലിയുടെ പിന്നിലെ പ്രതിയാണ് എന്നത് പലര്‍ക്കും വിശ്വസിക്കാന്‍ തന്നെ കഴിഞ്ഞിട്ടില്ല. പല കവിതകള്‍ക്കും താഴെ ആളുകള്‍ വന്ന് കമന്റുകള്‍ ഇട്ട് തുടങ്ങിയിട്ടുണ്ട്.

ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു.
(ഹൈകു )

ഇതാണ് വെറും അഞ്ച് ദിവസം മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത. അതായത് കൊലപാതകങ്ങള്‍ കഴിഞ്ഞ ശേഷവും ഇയാള്‍ സാധാരണപോലെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു എന്ന് വ്യക്തം. അതേസമയം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ. പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂ. ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.