നരബലിക്ക് കാരണമായത് ഭഗവല്‍ സിംഗിന് ശ്രീദേവിയോടുള്ള കടുത്ത പ്രണയം
കേരളം ഞെട്ടിയ നരബലിക്ക് തുടക്കം ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍. ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമാണ് ഭഗവല്‍ സിംഗിനെ രണ്ടു മനുഷ്യ ജീവന്‍ ഇല്ലാതാക്കിയ ക്രൂരമായ നരബലിയിലേക്ക് എത്തിച്ചത്. മൂന്ന് വര്‍ഷം നീണ്ട സൈബര്‍ പ്രണയം പൊളിയുന്നത് പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെ ഷാഫിയാണ് ശ്രീദേവിയെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ്.
2019ല്‍ ഒരു റോസാ പൂവിന്റെ ചിത്രമുള്ള പ്രൊഫൈലില്‍ നിന്നാണ് ഷാഫി ഭഗവല്‍ സിംഗിന് സൗഹൃദ അപേക്ഷ നല്‍കുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി. പിന്നെ കുടുംബ വിശേഷം പങ്കുവച്ച് മാനസിക അടുപ്പം ശക്തമാക്കി. അത് പ്രണയത്തോളമെത്തിയെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ചാറ്റുകളല്ലാതെ നേരില്‍ സംസാരിച്ചില്ല. എന്നിട്ടും ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിനെ ഭഗവല്‍ സിംഗ് കണ്ണടച്ചു വിശ്വസിച്ചു.
അടുപ്പം കൂടിയതോടെയാണ് ഭഗവല്‍സിംഗ് തന്റെ കുടുംബത്തിന് സാന്പത്തിക പരാധീനതയുണ്ടെന്ന വിവരം ‘ശ്രീദേവി’യുമായി പങ്കുവച്ചത്. താന്‍ വരച്ച വരയില്‍ ഭഗവല്‍ സിംഗും ലൈലയും എത്തിയതോടെ തന്റെ പ്രശ്‌നം പരിഹരിച്ച സിദ്ധനെ, ‘ശ്രീദേവി’ പരിചപ്പെടുത്തി. മൊബൈല്‍ നമ്പര്‍ നല്‍കി. അതോടെ, അതുവരെ ശ്രീദേവിയായിരുന്ന ഷാഫി സിദ്ധനായി രംഗത്തെത്തി. പക്ഷെ ഭഗവല്‍ സിംഗ് തിരിച്ചറിഞ്ഞില്ല. നരബലിയില്‍ അറസ്റ്റിലാകുന്നത് വരെ.
പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെയാണ് ഡിസിപി എസ്.ശശിധരന്‍, അദൃശ്യ കാമുകിയാരെന്ന വിവരം ഭഗവല്‍ സിംഗിനെ അറിയിച്ചത്. മുഹമ്മദ് ഷാഫിയാണ് ശ്രീദേവി എന്ന് മനസ്സിലായതോടെ ഭഗവല്‍ സിംഗും ലൈലയും തകര്‍ന്നു പോയി. പിടിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതും അപ്പോഴായിരുന്നു. പിന്നീടായിരുന്നു മൂവരും ചെയ്ത ക്രൂരമായ നരബലിയുടെ ഉള്ളറകള്‍ ഒന്നൊന്നായി ഭഗവല്‍ സിംഗും ഷാഫിയും ലൈലയും വിശദീകരിച്ചത്. അതേസമയം ഭര്‍ത്താവ് ഉപയോഗിച്ചത് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടും ഫോണുമാണെന്നാണ് ഷാഫിയുടെ ഭാര്യ നഫീസ പറയുന്നത്.