നരബലി ; ഷാഫി മറ്റുള്ളവരെ കുടുക്കാന്‍ ഉപയോഗിച്ചത് ഭാര്യയുടെ ഫോണും ഫേസ്ബുക്ക് അക്കൊണ്ടും

നരബലിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുഖ്യ പ്രതി ഷാഫിയുടെ ഭാര്യ നഫീസ രംഗത്ത്. ഭര്‍ത്താവ് ഉപയോഗിച്ചത് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഫോണുമാണെന്നാണ് ഷാഫിയുടെ ഭാര്യ നഫീസ പറയുന്നത്. ഷാഫി ദൈവവിശ്വാസിയല്ല. ലോട്ടറി വില്‍ക്കുന്ന കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ഹോട്ടലില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. പത്മയെ കാണാതായി എന്ന് പറയുന്ന ദിവസവും ഇവര്‍ ഹോട്ടലില്‍ വന്നിരുന്നു. ഷാഫി സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കുന്നയാളാണ്. കൊലപാതകം നടന്ന വിവരം തനിക്ക് അറിയില്ല. ഭര്‍ത്താവ് നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഭര്‍ത്താവിനെ ന്യായീകരിക്കാന്‍ താനില്ല. ഷാഫിക്ക് വലിയ സാമ്പത്തിക പിന്‍ബലമുണ്ടെന്ന് പറയുന്നത് തെറ്റാണ്. ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി ഇല്ലാത്തയാളാണ് ഷാഫി. ഭഗവല്‍ സിങ്ങിനെ അറിയില്ലെന്നും തന്റെ ഫോണില്‍ നിന്നാണ് ഷാഫി ഇവരെയെല്ലാം വിളിച്ചിരുന്നതെന്നും ഭാര്യ നഫീസ പറയുന്നു.

അതേസമയം ഇലന്തൂരിലെ നരബലിക്ക് പിന്നാലെ ഷാഫി കൂടുതല്‍ സ്ത്രീകളെ തിരുവല്ലയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. 5 ദിവസം മുന്‍പ് എറണാകുളത്ത് ഉള്ള ലോട്ടറി വില്‍ക്കുന്ന മറ്റൊരു സ്ത്രീയെയും തിരുവല്ലയില്‍ എത്തിക്കാന്‍ ശ്രമിച്ചു. 24 മണിക്കൂറിനുള്ളില്‍ തിരിച്ചു വരാമെന്നാണ് ഷാഫി പറഞ്ഞത്. തിരുവല്ലയില്‍ ദിവ്യശക്തിയുള്ള ദമ്പതികള്‍ ഉണ്ടെന്നും അവിടെ പോയാല്‍ സാമ്പത്തിക പ്രശ്‌നം മാറുമെന്നുമായിരുന്നു ഷാഫിയുടെ പ്രലോഭനം. ആഭിചാര ക്രിയകളെ കുറിച്ചും, മൃഗബലിയെ കുറിച്ചും ഷാഫി പറഞ്ഞതോടെ സംശയം ഉണ്ടായതു കൊണ്ടാണ് പോകാതിരുന്നതെന്നും സ്ത്രീകള്‍ പൊലീസിനോട് വെളിപ്പെടുത്തി. പത്മയും റോസ്ലിയും ധരിച്ച സ്വര്‍ണ്ണവും ഷാഫി കൈക്കലാക്കിയിരുന്നു. ഇങ്ങനെ ജീവിച്ചിട്ട് എന്താണ് കാര്യം തിരുവല്ലയ്ക്ക് വരുന്നോ, പണവും സമ്പാദ്യവും ഉണ്ടാകുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.

ഷാഫി സ്ഥിരം കുറ്റവാളി എന്ന് പോലീസ് . പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്.നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണര്‍ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കില്‍ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുന്‍പ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു. ആറാം ക്‌സാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി. അതീവ വിചിത്ര സ്വഭാവമാണ് ഇയാളുടേത്. വേദനിപ്പിച്ച് രസിക്കുന്ന മനസ്സാണ് ഷാഫിക്ക്. 17 വയസു മുതല്‍ വീടുവിട്ട് കറങ്ങുന്ന ആളാണ് ഷാഫി. ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തില്‍ ഇല്ലെന്നും കമ്മീഷണര്‍ പറഞ്ഞു. ഷാഫി നിരവധി സ്ഥലങ്ങളില്‍ പല തൊഴിലുകള്‍ ചെയ്ത് ജീവിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.