സ്വവര്‍ഗ ദമ്പതികള്‍ നൂറയും നസ്‌റിനും വിവാഹിതരായി ; തമ്മിലടിച്ചു സോഷ്യല്‍ മീഡിയ

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനും പോരാട്ടത്തിനും ഒടുവില്‍ വിവാദ കമിതാക്കളായ നൂറയും നസ്‌റിനും പുതു ജീവിതത്തിലേക്ക് കൈകോര്‍ത്തു. തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഇവര്‍ ഒരുമിച്ച് ജീവിതം ആരംഭിച്ച വിവരം പങ്കുവച്ചത്. ‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. വിവാഹവസ്ത്രങ്ങളണിഞ്ഞ് പരസ്പരം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങള്‍ക്ക് ആശംസയും പിന്തുണയുമായി നിരവധി പേരാണ് എത്തിയത്.

സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് നസ്‌റിനും നൂറയും പ്രണയത്തിലാകുന്നത്. എന്നാല്‍ പ്രണയം വീട്ടുകാരറിഞ്ഞതോടെ എതിര്‍പ്പുയര്‍ന്നു. ഇതോടെ ഇരുവരെയും ബന്ധുക്കള്‍ അകറ്റി. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക് വന്നു. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതോടെയാണ് ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് കൂട്ടുകാരിയായ ഫാത്തിമ നൂറയ്‌ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്‌റിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് ഹര്‍ജി നല്‍കി. വീട്ടുകാര്‍ തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ടാണ് ആദില നസ്‌റിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച കോടതി ഫാത്തിമ നൂറയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ഫാത്തിമ നൂറയുടെ താത്പര്യം കൂടി കണക്കിലെടുത്ത് കോടതി ഇരുവരേയും ഒന്നിച്ചു ജീവിക്കാന്‍ അനുവദിച്ചു.

പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഹൈക്കോടതി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാനുള്ള അനുമതി നല്‍കിയതോടെ ഇരുവരുടെയും സ്‌നേഹവും പോരാട്ടവും വിജയത്തിലെത്തിയിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പ്രണയസാഷാത്കാരം നേടി ഒന്നായതിന്റെ സന്തോഷത്തിലാണ് ഇരുവരും. അതേസമയം ഇരുവരുടെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ തമ്മിലടിയും സജീവമാണ്. ഇവരുടെ വിവാഹത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരാണ് കമന്റും പോസ്റ്റും ഇടുന്നത്.

 

 

View this post on Instagram

 

A post shared by Fathima Noora (@noora_adhila)