സഹപ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ മലയാളി യുവാവ് വീണു മരിച്ചു
കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് തേക്കില്‍ കുഞ്ഞിമുക്ക് തെക്കടത്ത് വീട്ടില്‍ റിട്ട. എസ്‌ഐ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകന്‍ ബിലു കൃഷ്ണന്‍ (30) ആണു മരിച്ചത്. ദുബായിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം, കെട്ടിടത്തില്‍ നിന്നും ചാടി അത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താന്‍ ബിലു കൃഷ്ണന്‍ ശ്രമിക്കുന്നതിനിടെ ബിലു കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരിക്കുകയായിരുന്നു.ദുബായില്‍ ജബല്‍ അലിയില്‍ ആണ് സംഭവം നടന്നത്. ബിലു കൃഷ്ണന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങി. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ബിലു കൃഷ്ണന്‍ വിവാഹിതനായത്. അച്ഛന്റെ മരണം കാരണം രണ്ട് മാസം മുമ്പാണ് നാട്ടില്‍ വന്നു പോയത്. ലക്ഷ്മിയാണ് ഭാര്യ.