സക്കര്‍ബര്‍ഗിന്റ ഫേസ്ബുക്ക് ഫോളോവേഴ്സില്‍ ഇടിവ് , 11.9 കോടിയില്‍ നിന്ന് 9,995 ലേക്ക്

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫോളോവേഴ്സ് 11.9 കോടിയില്‍ നിന്ന് 9,995 ആയി കുറഞ്ഞു. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മാത്രമല്ല പലരുടെയും അവസ്ഥ ഇതാണ്. ഒന്നുറങ്ങി എണീറ്റപ്പോള്‍ മിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെയും ഫോളോവേഴ്സിന്റെ എണ്ണം പകുതിയോ അതില്‍ കുറവോ ആയി കുറഞ്ഞിരുന്നു. സോഫ്‌റ്റ്വെയര്‍ ബഗ് ആയിരിക്കാം ഫോളോവേഴ്സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് പറയുന്നത്. ഈ ആഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യുഎസ്എയിലെ നിരവധി മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ ഇടിവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

അനലിറ്റിക്സ് പ്ലാറ്റ്ഫോമായ ക്രൗഡ് ടാങ്കിളില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഒക്ടോബര്‍ 3, 4 തീയതികളില്‍ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഹഫിംഗ്ടണ്‍ പോസ്റ്റ്, ദി ഹില്‍, യുഎസ്എ ടുഡേ, ന്യൂയോര്‍ക്ക് പോസ്റ്റ്, ന്യൂസ് വീക്ക് എന്നിവയുടെയെല്ലാം ഫോളോവേഴ്സ് കുറഞ്ഞിരുന്നു. യുഎസ്എ ടുഡേ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 13,723, 11,392 ഫോളോവേഴ്സിന്റെ ഇടിവ് രേഖപ്പെടുത്തി. ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഇടിവ് വന്നതായി ബംഗ്ലാ എഴുത്തുകാരി തസ്ലീമ നസ്രീനും പറഞ്ഞു. അതേസമയം, ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

അതിനിടെ ഇന്‍സ്റ്റാഗ്രാമിന്റെയും ഫെയ്സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വര്‍ഷം ആദ്യം റഷ്യന്‍ കോടതി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയത്. ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഭീമന്മാര്‍ക്കെതിരെ ക്രെംലിന്‍ നടപടി ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലില്‍, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം തടഞ്ഞിരുന്നു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിവരസ്രോതസ്സുകള്‍ക്കും എതിരെ ഫെയ്‌സ്ബുക് സ്വീകരിച്ച നടപടികളെത്തുടര്‍ന്നാണ് റഷ്യന്‍ കമ്യൂണിക്കേഷന്‍ ഏജന്‍സിയായ റോസ്‌കോമാട്‌സര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.