പാലക്കാട് ഡ്യൂട്ടിക്ക് ഇടയ്ക്ക് മുങ്ങിയ പനമരം സിഐ എലിസബത്തിനെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

ഡ്യൂട്ടിക്ക് ഇടയ്ക്ക് കാണാതായ വയനാട് പനമരം സിഐ കെ.എ എലിസബത്തിനെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതായത്. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. പാലക്കാട് ഫാസറ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ലായിരുന്നു. എലിസബത്തിനെ കാണാതായതിനെ തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ് കാണാതായത്. സിഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക നമ്പറും സ്വിച്ച് ഓഫായിരുന്നു. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോടായിരുന്നു കല്‍പ്പറ്റയിലെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടെന്ന് എലിസബത്ത് പറഞ്ഞത്. പാലക്കാടെത്തിയെന്ന വിവരം കിട്ടിയതിന് പിന്നാലെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് തിരച്ചില്‍ തുടങ്ങിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് എലിസബത്ത് പാലക്കാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയതായിട്ടായിരുന്നു കണ്ടെത്തിയത്. അതേസമയം എന്തിനാണ് സി ഐ ഇങ്ങനെ ചെയ്തത് എന്നുള്ളതിന്റെ വിശദീകരണം പോലീസ് നല്‍കിയിട്ടില്ല.