എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ഫോണ്‍ പരാതിക്കാരി മോഷ്ടിച്ചെന്ന് ഭാര്യയുടെ പരാതി
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെ യുവതിക്കെതിരേ പരാതിയുമായി എല്‍ദോസിന്റെ ഭാര്യ. എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് പരാതി. എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയുടെ പിഎയാണ് ഇന്നലെ പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി കേസെടുത്തു.
എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എല്‍ദോസ് എംഎല്‍എ ഓഫീസിലും വീട്ടിലും ഇല്ലെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്ത സാഹചര്യത്തില്‍ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റിയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ മാറിനില്‍ക്കാനാണ് തീരുമാനം.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കടുത്ത മദ്യപാനിയാണെന്നും മദ്യപിച്ച് തന്നെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്നും പീഡന പരാതി നല്‍കിയ സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എക്കെതിരായ പരാതിയെ കുറിച്ച് അവര്‍ വിശദീകരിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ എംഎല്‍എയുടെ ഭാഗത്ത് നിന്ന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പറഞ്ഞ പരാതിക്കാരി, ഇത് താന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിലെ തന്നെ സ്ത്രീ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. വിളിച്ച് ഭീഷണിപ്പെടുത്തിയ സ്ത്രീ പെരുമ്പാവൂര്‍ മാറമ്പളളി സ്വദേശിയും മുന്‍ വാര്‍ഡ് മെമ്പറും ആയിരുന്നുവെന്നും യുവതിപറഞ്ഞു.
മറ്റ് ഗതിയില്ലാതെയാണ് താന്‍ പരാതി നല്‍കിയത്. തനിക്കെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസിലെ പല നേതാക്കളുടേയും അറിവോടെയാണെന്ന് സംശയിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ എംഎല്‍എമാരോ പ്രമുഖ നേതക്കളോ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആരും വിളിച്ചിട്ടില്ലെന്നായിരുന്നു മറുപടി . തനിക്ക് പലതും വെളിപ്പെടുത്താനുണ്ടെന്നും യുവതി പറഞ്ഞു.എംഎല്‍എയുമായി 10 വര്‍ഷത്തെ പരിചയം ഉണ്ട് . എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎല്‍എ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. ആദ്യം പരാതി നല്‍കിയത് വനിത സെല്ലിലായിരുന്നു. പിന്നീടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.
കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കും. അന്വേഷണത്തിനായി ഒരു കമ്മീഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.