ഹിജാബ് കേസില്‍ ഭിന്നവിധി ; ജസ്റ്റിസ് ഗുപ്ത നിരോധനം ശരിവച്ചപ്പോള്‍ ധൂലിയ തള്ളി

ഹിജാബ് കേസില്‍ സുപ്രീംകോടതിയില്‍ ഭിന്നവിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി തെറ്റാണെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ വ്യക്തമാക്കിയപ്പോള്‍ ഹിജാബ് നിരോധിക്കാമെന്ന നിലപാടാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാല്‍ നിലവിലെ കര്‍ണാടക ഹൈക്കോടതി വിധി തുടരാനാണ് സാധ്യത. ഇതോടെ ഹര്‍ജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്ന തീരുമാനം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. തുടര്‍ച്ചയായ 10 ദിവസത്തെ വാദത്തിന് ശേഷമാണ് വിധി പറയുന്നത്.

ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി. അപ്പീലുകള്‍ക്കെതിരായ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിട്ടുണ്ടെന്നും അപ്പീലുകള്‍ തള്ളിക്കളയാന്‍ നിര്‍ദ്ദേശിക്കുന്നുവെന്നുമായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. എന്നാല്‍, ഹിജാബ് ധരിക്കുന്നത് ആത്യന്തികമായി തെരഞ്ഞെടുപ്പിന്റെ കാര്യമാണ്, മറ്റൊന്നുമല്ല. തന്റെ മനസ്സില്‍ ഏറ്റവും ഉയര്‍ന്നു വന്നത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ്. തന്റെ സഹോദരനായ ജഡ്ജിയോട് ബഹുമനപൂര്‍വം വിയോജിക്കുന്നുവെന്നാണ് ജസ്റ്റിസ് ധൂലിയ വ്യക്തമാക്കിയത്.

രണ്ട് ജഡ്ജിമാരുടെ ഭിന്നവിധി നല്‍കിയിരിക്കുന്നതിനാല്‍ കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലേക്ക് പോയിരിക്കുകയാണ്. അതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ഉത്തരവിനായി കാത്തിരിക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥികളാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് ജസ്റ്റിസ് സുധാംശു ധൂലിയ വ്യക്തമാക്കുന്നത്. ഹിജാബ് നിരോധനത്തിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.