ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ് ; ചാറ്റുകള്‍ എല്ലാം പരിശോധിക്കുന്നു

ഇലന്തൂര്‍ ഇരട്ട നരബലി കേസിനു കാരണമായ ‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു.ഷാഫിയും ഭഗവല്‍ സിങ്ങും തമ്മില്‍ മൂന്ന് വര്‍ഷം നടത്തിയ ചാറ്റുകളാണ് വീണ്ടെടുത്തത്. 100 ലേറെ പേജുകളുളള സംഭാഷണമാണ് ഇരുവരും തമ്മില്‍ നടത്തിയത്. പ്രത്യേക അന്വേഷണ സംഘം ഇവ പരിശോധിക്കുകയാണ്. അതുപോലെ ശ്രീദേവിയെന്ന പേരില്‍ ഷാഫി മറ്റുള്ളവരോട് നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീദേവിയെന്ന വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമായിരുന്നു ഭഗവല്‍സിംഗിനെ ക്രൂരമായ നരബലിയിലേക്ക് എത്തിക്കുന്നത്.

2019 ലാണ് ശ്രീദേവിയെന്ന അക്കൌണ്ടില്‍ നിന്നും ഭഗവല്‍ സിംഗിന് റിക്വസ്റ്റ് വരുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി. പിന്നെ കുടുംബ വിശേഷം പങ്കുവെച്ച് മാനസിക അടുപ്പ് ശക്തമാക്കി. അത് പ്രണയത്തോളമെത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചാറ്റുകളല്ലാതെ ഇരുവരും നേരില്‍ സംസാരിച്ചില്ല. എന്നിരുന്നാലും ‘ശ്രീദേവി’യെ ഭഗവല്‍സിംഗ് കണ്ണടച്ചു വിശ്വസിച്ചു. അടുപ്പം കൂടിയതോടെയാണ് ഭഗവല്‍സിംഗ് തന്റെ കുടുംബത്തിന് സാന്പത്തിക പരാധീനതയുണ്ടെന്ന് വ്യക്തമാക്കിയത്. താന്‍ വരച്ചവരയില്‍ ഭഗവല്‍സിംഗും ലൈലലും എത്തിയതോടെ തന്റെ പ്രശ്‌നം പരിഹരിച്ച സിദ്ധനെ പരിചപ്പെടുത്തി. മൊബൈല്‍ നമ്പര്‍ നല്‍കി. പിന്നെ ശ്രീദേവിയും സിദ്ധനും എല്ലാം ഷാഫിയായിരുന്നു. പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെ ഷാഫിയാണ് ശ്രീദേവിയെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് മൂന്ന് വര്‍ഷം നീണ്ട സൈബര്‍ പ്രണയം പൊളിയുന്നത്.

ഡിസിപി എസ് ശശിധരനാണ് ഭഗവല്‍സിംഗിന്റെ അദൃശ്യകാമുകിയെ ചൂണ്ടികാട്ടിയത്. ശ്രീദേവി മുഹമ്മദ് ഷാഫിയാണെന്ന് മനസ്സിലായതോടെ ഭഗവല്‍ സിംഗും ലൈലയും തകര്‍ന്നുപോയി. പിന്നീടായിരുന്നു മൂവരും ചെയ്ത ക്രൂരമായ നരബലിയുടെ ഉള്ളറകള്‍ ഒന്നൊന്നായി ഭഗവല്‍സിംഗും ഷാഫിയും ലൈലയും വിശദീകരിച്ചത്. അതേസമയം താന്‍ മുമ്പ് അറവുകാരനായി ജോലിചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയില്‍ അറവുശാലയില്‍ ജോലിചെയ്തിട്ടുണ്ട് . അതുകൊണ്ടുതന്നെ രക്തംകണ്ടാല്‍ തനിക്ക് ഭയമില്ലെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. അതുപോലെ വീട്ടിലെ അറവുകത്തികൊണ്ടാണ് വെട്ടിനുറുക്കിയതെന്നാണ് ലൈല മൊഴി നല്‍കിയിട്ടുള്ളത് . രണ്ട് തടിക്കഷ്ണങ്ങള്‍ക്ക് മുകളില്‍ വെച്ചാണ് ഇത്തരത്തില്‍ ചെയ്തതെന്നും ലൈല മൊഴി നല്‍കി. കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ലൈല കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു . ഷാഫിയുടെ നിര്‍ദേശ പ്രകാരം ആയിരുന്നു ഇതെന്നും ലൈല പറഞ്ഞിരുന്നു