കണ്ണില്ലാത്ത ക്രൂരത ; വയറ്റില്‍ വായു കുത്തിവെച്ച് നഴ്സ് കൊന്നത് ഏഴ് കുഞ്ഞുങ്ങളെ

2015-16 കാലഘട്ടത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. 2015 ജൂണിനും 2016 ജൂണിനും ഇടയില്‍ സമാനമായ രീതിയില്‍ ഇവര്‍ കൊലപ്പെടുത്തിയത് 7 നവജാത ശിശുക്കളെയാണ്. ഇതുകൂടാതെ പത്തോളം ശിശുക്കളെ കൊലപ്പെടുത്താന്‍ ഇവര്‍ ശ്രമവും നടത്തിയിരുന്നു. ശിശുക്കളെ കൊലപ്പെടുത്തിയതിനു ശേഷം അവരുടെ മാതാപിതാക്കള്‍ക്ക് സഹതാപം രേഖപ്പെടുത്തി കാര്‍ഡ് അയക്കുന്നതും ഇവരുടെ പതിവായിരുന്നു. ലൂസി ലെറ്റ്ബി എന്ന നേഴ്സ് ആണ് ഈ ക്രൂരതയ്ക്ക് പിന്നില്‍. ഇവരുടെ കേസിന്റെ വിചാരണ യുകെയിലെ മാഞ്ചസ്റ്റര്‍ കോടതിയില്‍ ആരംഭിച്ചു.

നോസ് ട്യൂബിലൂടെ ശിശുക്കളുടെ വയറിനുള്ളിലേക്ക് വായു കടത്തിവിട്ടാണ് 32 കാരിയായ ലൂസി ലെറ്റ്ബി കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. വെറും ഒരു വര്‍ഷം കൊണ്ട് നാല് പെണ്‍കുട്ടികളെയും മൂന്ന് ആണ്‍കുട്ടികളെയും ആണ് കൊലപ്പെടുത്തിയത്. കൂടാതെ 5 ആണ്‍കുഞ്ഞുങ്ങളെയും അഞ്ച് പെണ്‍കുഞ്ഞുങ്ങളെയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഒരു കുട്ടിയെ ഇവര്‍ വീണ്ടും മൂന്ന് തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൂടാതെ ഒരുമിച്ചുണ്ടായ മൂന്നു കുട്ടികളില്‍ രണ്ട് ആണ്‍കുട്ടികളെ ഇവര്‍ കൊലപ്പെടുത്തി. ഒരു നാസോഗാസ്ട്രിക് ട്യൂബിലൂടെ കുട്ടിയുടെ വയറിലേക്ക് വായു കുത്തിവെച്ചാണ് ഇവള്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്.

ഒരു പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ അപ്രതീക്ഷിതമായി കടന്നു വന്നതോടെയാണ് ലൂസി പിടിയിലാകുന്നത്. 2016 ഫെബ്രുവരി 17-ന് കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ വെറും 692 ഗ്രാം ഭാരമുള്ള ഒരു കുഞ്ഞ് 25 ആഴ്ചയില്‍ ജനിച്ചിരുന്നു. ജനന സമയത്ത് ലേബര്‍ റൂമില്‍ സഹായത്തിനായി ഉണ്ടായിരുന്നത് പീഡിയാട്രിക് കണ്‍സള്‍ട്ടന്റായ രവി ജയറാം ആയിരുന്നു. കുഞ്ഞിനെ പിന്നീട് നിയോനെറ്റല്‍ യൂണിറ്റിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാനായാണ് ഡോക്ടര്‍ രവി ജയറാം ആ സമയത്ത് നിയോനെറ്റല്‍ യൂണിറ്റില്‍ എത്തിയത്. അപ്പോള്‍ കുഞ്ഞിന് സമീപം ലൂസി നില്‍പ്പുണ്ടായിരുന്നു.

അപ്പോഴാണ് കുഞ്ഞിന്റെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ അപകടകരമാംവിധം താഴുന്നത് ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ മോണിറ്ററിലെ അലാറം മുഴങ്ങിയില്ല. കുഞ്ഞ് അപകടകരമായ അവസ്ഥയിലേക്ക് പോയിട്ടും ലൂസി സഹായത്തിനായി ആരെയും വിളിക്കാത്തത് ഡോക്ടറില്‍ സംശയം ജനിപ്പിച്ചു. ഇതേക്കുറിച്ച് ലൂസിയോട് ചോദിച്ചപ്പോള്‍ ഡോക്ടറോട് അവള്‍ പറഞ്ഞത് കുഞ്ഞിന്റെ അവസ്ഥ ഇപ്പോഴാണ് ഗുരുതരമായത് എന്നായിരുന്നു. കുട്ടിയുടെ ശ്വാസോച്ഛ്വാസത്തിനായി ഘടിപ്പിച്ചിരുന്ന ട്യൂബ് ഇളക്കി മാറ്റിയതായി ഡോക്ടര്‍ കണ്ടെത്തി. കൂടാതെ ബ്രീത്തിംഗ് മോണിറ്ററിലെ അലാറവും താല്‍ക്കാലികമായി ഓഫ് ചെയ്തിരുന്നു.

ഇതൊക്കെ ഡോക്ടറില്‍ സംശയം ജനിപ്പിച്ചെങ്കിലും അദ്ദേഹം അക്കാര്യം ആരോടും പറഞ്ഞില്ല. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞ് മരിച്ചു. പിന്നീടാണ് ഡോക്ടര്‍ തന്റെ സംശയം പുറത്തു പറയുന്നതും ലൂസി പിടിയിലാകുന്നതും. വിചാരണവേളയിലുടനീളം കോടതിയില്‍ ലൂസി പറഞ്ഞത് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ്. രണ്ടുദിവസം മുമ്പ് ആരംഭിച്ച ലൂസിയുടെ വിചാരണ ഇപ്പോഴും തുടരുകയാണ്. ഉള്ളതില്‍ ഏറ്റവും ഭീകരമായ ശിക്ഷ തന്നെ ഇവര്‍ക്ക് നല്‍കണം എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. എന്താണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ കാരണം എന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല.