ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന് ഷാഫി
രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് കൊണ്ടു വന്നു പീഡിപ്പിച്ചതായി മുഖ്യ പ്രതി ഷാഫിയുടെ മൊഴി. ഭഗവല്‍ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നതായി വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി.
എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്. അതിനാല്‍ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാള്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് മനസിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊഴി നല്‍കിയിട്ടുണ്ട്. പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചതായും ഷാഫി പൊലീസിനോട് പറഞ്ഞു.
ഇരയാക്കിയ പെണ്‍കുട്ടികളെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടികളെ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഷാഫിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളത്ത് ഷാഫി നടത്തിയിരുന്ന ഹോട്ടലില്‍ നിത്യസന്ദര്‍ശകരായിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം കേസില്‍ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പന്ത്രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനായി 22 കാരണങ്ങളും പ്രോസിക്യൂഷന്‍ അവതരിപ്പിച്ചു. ഈ വാദം അംഗീകരിച്ചാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പ്രകാരം 12 ദിവസത്തെ പൊലീസ് കസ്റ്റഡി കോടതി അനുവദിച്ചത്. പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തി, നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചു എന്നിവയായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.
കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവര്‍ സ്വമേധയാ ഷാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂര്‍ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങള്‍ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. മൂന്ന് പ്രതികളുടെയും മുഖം മറച്ചേ തെളിവെടുപ്പിന് കൊണ്ടു പോകാവു എന്ന നിബന്ധന മാത്രമാണ് കോടതി മുന്നോട്ടു വച്ചത്.