ജപ്തിനോട്ടീസയച്ച അതേബാങ്കില്‍ 70 ലക്ഷം അടിച്ച ലോട്ടറി ടിക്കറ്റ് കൈമാറി ; അതല്ലേ ഹീറോയിസം എന്ന് സോഷ്യല്‍ മീഡിയ
മണിക്കൂറുകള്‍ക്കുള്ളില്‍ ജീവിതം മാറിമറിഞ്ഞ ഒരു സാധാരണക്കാരന്‍ ആയിരുന്നു ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിനെ തേടി ഇന്നലെ എത്തിയത് 70 ലക്ഷം രൂപയുടെ ജാക്പോട്ട് ആണ്. പൂക്കുഞ്ഞിനെപോലും ഞെട്ടിച്ചാണ് ഭാഗ്യം കടന്നുവന്നത്. ഒരു മണിക്കാണ് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത്. രണ്ടു മണിയ്ക്ക് പൂക്കുഞ്ഞിന്റെ വീട്ടില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസെത്തി. ആകെ വിഷമിച്ചിരിക്കുന്ന സമയത്താണ് പൂക്കുഞ്ഞിനെ തേടി മൂന്നരയ്ക്ക് ആ വാര്‍ത്ത എത്തുന്നത്. 70 ലക്ഷം രൂപയുടെ ലോട്ടറിയാണ് പൂക്കുഞ്ഞിനെ തേടിയെത്തിയത്.
ബാങ്കിന്റെ ജപ്തി നല്‍കിയ അതേ ബാങ്കില്‍ത്തന്നെ ടിക്കറ്റ് കൈമാറിയിരിക്കുകയാണ് പൂക്കുഞ്ഞ്. സമ്മാനം അടിച്ച ടിക്കറ്റുമായി വ്യാഴാഴ്ച രാവിലെ പൂക്കുഞ്ഞും ഭാര്യ മുംതാസും ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് കൈമാറി.
ഒന്‍പതുലക്ഷം രൂപയാണ് ഭവനവായ്പ കുടിശ്ശികയായി ബാങ്കിന് നല്‍കാനുള്ളത്. കൂടാതെ മറ്റ് കടങ്ങളും തീര്‍ക്കാനുണ്ട് പൂക്കുഞ്ഞിന്. ഇതെല്ലാം തീര്‍ത്ത് ചെറിയ ബിസിനസുമായി ജീവിതം ഇനി മുന്നോട്ട് നീക്കണം എന്നാണ് പൂക്കുഞ്ഞിന്റെ ആഗ്രഹം. ബുധനാഴ്ച മണിക്കൂറുകള്‍ക്കിടയിയിലാണ് പൂക്കുഞ്ഞിന്റെ ജീവിതത്തില്‍ അവിശ്വസനീയമായ ഈ സംഭവങ്ങള്‍ നടക്കുന്നത്. ബൈക്കില്‍ സഞ്ചരിച്ച് മീന്‍ വിറ്റാണ് കുടുംബം പോറ്റിവന്നത്. പതിവുപോലെ മീന്‍വിറ്റുവരുന്ന വഴിയില്‍ മൈനാഗപ്പള്ളി പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കൈയില്‍ നിന്നാണ് ഈ ടിക്കറ്റെടുത്തത്. അവിടെ നിന്ന് നേരേ വീട്ടിലെത്തിയപ്പോഴാണ് അല്പം കഴിഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയത് കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ് കിട്ടിയത്. വീടുവയ്ക്കുന്നതിന് ബാങ്കില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി അത് പിന്നെ ഒന്‍പതുലക്ഷത്തിലെത്തുകയായിരുന്നു.