ഗ്യാന്‍വാപി മസ്ജിദ് കേസ് : പള്ളിക്കകത്ത് ‘ശിവലിംഗത്തിന്റെ’ കാര്‍ബണ്‍ ഡേറ്റിംഗ് നടത്താനാവില്ലെന്ന് കോടതി
വാരാണസി : വിവാദമായ ഗ്യാന്‍വാപി പള്ളിക്കേസില്‍ പള്ളിക്കാര്‍ക്ക് വിജയം. പള്ളിയുടെ ഉള്ളില്‍ കണ്ടെത്തിയെന്ന് പറയുന്ന ‘ശിവലിംഗത്തിന്റെ’ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന ആവശ്യം വാരാണസി കോടതി തള്ളി. ഗ്യാന്‍വാപി പള്ളിയില്‍ മുന്‍പ് നടന്ന വീഡിയോ സര്‍വ്വേയ്ക്കിടെ കണ്ടെത്തിയ ശിവലിംഗം എന്ന് സംശയിക്കപ്പെടുന്ന രൂപത്തില്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തണം എന്നാണ് ഒരു വിഭാഗം ഹിന്ദുക്കള്‍ ആവശ്യപ്പെട്ടത്. ശിവലിംഗത്തിന്റെ പഴക്കം തിരിച്ചറിയാനുള്ള കാര്‍ബണ്‍ ഡേറ്റിങ്ങിനുള്ള അപേക്ഷയാണ് കോടതി തള്ളിയത്.
പള്ളിക്കുള്ളില്‍ ശിവലിംഗം കണ്ടെന്ന് പറയുന്ന സ്ഥലം സീല്‍ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാകും കാര്‍ബണ്‍ ഡേറ്റിങ് പോലുള്ള ഏത് സര്‍വേയും എന്ന് വാരണാസിയിലെ കോടതി പറഞ്ഞു. കഴിഞ്ഞ മാസം, അഞ്ച് ഹിന്ദു ഹര്‍ജിക്കാരില്‍ നാല് പേര്‍ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. ഹിന്ദു ദേവതകളുടെയും പുരാതന വിഗ്രഹങ്ങള്‍ മസ്ജിദിനുള്ളില്‍ ഉണ്ടെന്ന് സ്ത്രീകള്‍ അവകാശപ്പെട്ടിരുന്നു. അഞ്ച് ഹിന്ദു സ്ത്രീകള്‍ പള്ളി സമുച്ചയത്തിനുള്ളിലെ ആരാധനാലയത്തില്‍ പ്രാര്‍ഥനക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കീഴ്ക്കോടതിയുടെ ഉത്തരവനുസരിച്ച് ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നടത്തിയ വിഡിയോ സര്‍വേയിലാണ് ഈ ശിവലിംഗ സദൃശ്യമായ രൂപം കണ്ടെത്തിയത്.