മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന സംഭവം ; നടന്നത് സാധാരണ വാഹനാപകടമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ തനിക്കെതിരേ ഒരു തെളിവുമില്ലെന്നും മദ്യപിച്ച് വാഹനം ഓടിച്ചുവെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ശ്രീറാം കോടതിയില്‍ വാദിച്ചു. ഇതൊരു സാധാരണ വാഹനാപകടം മാത്രമാണ്. കെ എം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ താന്‍ വാഹനം ഓടിച്ചിട്ടില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല തുടങ്ങിയ വാദങ്ങളാണ് ശ്രീറാം പ്രധാനമായും മുന്നോട്ടുവച്ചത്. അതേസമയം, ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും വാദിച്ചു.
മദ്യപിച്ചിരുവന്നുവെന്ന് തെളിയിക്കാന്‍ രക്ത സാംപിളുകള്‍ എടുക്കേണ്ടത് അത്യാവശമായിരുന്നു. എന്നാല്‍ സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത സാംപിള്‍ എടുക്കാന്‍ ശ്രീറാം അനുവദിച്ചത്. ഇതുതന്നെ തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടി വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. താനല്ല വഫ ഫിറോസാണ് വാഹനം ഓടിച്ചതെന്നാണ് ശ്രീറാം ആദ്യം പൊലീസിന് നല്‍കിയ മൊഴി. അതും തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുവരാന്‍ കൃത്യമായ വിചാരണ നടക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസില്‍ രണ്ടാം പ്രതിയായ വഫയുടെ വിടുതല്‍ ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായതാണ്. രണ്ടു പ്രതികളുടെയും വിടുതല്‍ ഹര്‍ജിയില്‍ ഉത്തരവ് പറയാന്‍ ഹര്‍ജികള്‍ ഒക്ടോബര്‍ 19ന് വീണ്ടും കോടതി പരിഗണിക്കും. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീര്‍ മരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പൊലീസ് കേസ്. എന്നാല്‍ കേസില്‍ ആദ്യം മുതല്‍ക്ക് ശ്രീ റാമിനെ രക്ഷിക്കാന്‍ ആണ് പോലീസ് ശ്രമിച്ചത്. അപകടം നടന്ന ഉടന്‍ മെഡിക്കല്‍ പരിശോധന പോലും നടത്താതെ ശ്രീറാമിനെ പോകാന്‍ പോലീസ് അനുവദിക്കുകയായിരുന്നു.