ചാള്‍സ് മൂന്നാമന്റെ കിരീടധാരണം ; ഇന്ത്യയില്‍നിന്നും കടത്തിയ കോഹിനൂര്‍ രത്നം കാമില രാജ്ഞി ധരിക്കുമോ…?

ഇന്ത്യക്കാരുടെ സ്വന്തമായിരുന്ന കോഹിനൂര്‍ രത്നം ബ്രിട്ടീഷുകാര്‍ കൈക്കലാക്കിയിട്ട് കാലങ്ങളായി. കോഹിനൂര്‍ രത്‌നം പോലെ വില പിടിപ്പുള്ള ധാരാളം സാധനങ്ങള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കി പോകുന്ന വഴി ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടു പോയിരുന്നു. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം ഭര്‍ത്താവ് ചാള്‍സ് മൂന്നാമന്‍ രാജാവും കിരീടധാരണം നടത്തുമ്പോള്‍ കാമില രാജ്ഞി കോഹിനൂര്‍ കിരീടം ധരിക്കണമോ എന്ന ചോദ്യം ഉയര്‍ന്നു വരികയാണ്. വേറെങ്ങുമല്ല ബക്കിങ്ഹാം കൊട്ടാരത്തില്‍ തന്നെ.

കോഹിനൂര്‍ കിരീടം ധരിക്കാനുള്ള നീക്കം കൊളോണിയല്‍ ഭൂതകാലത്തിന്റെ വേദനാജനകമായ ഓര്‍മ്മകള്‍ ഉണര്‍ത്തുമെന്ന വിധത്തില്‍ ഇന്ത്യയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്, ഇക്കാര്യം പുന:പരിശോധിക്കുന്നത്. 2023 മെയ് 6 -ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബെയിലാണ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം. ഈ ചടങ്ങില്‍ ഇന്ത്യയില്‍നിന്നും പണ്ട് ബ്രിട്ടീഷുകാര്‍ കൊണ്ടുപോയി സ്വന്തമാക്കിയ അമൂല്യമായ കോഹിനൂര്‍ രത്നം കാമില രാജ്ഞി ധരിക്കണമോ എന്ന് ബക്കിംഗ്ഹാം കൊട്ടാരം ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അവലോകനം ചെയ്യുകയാണെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1937-ല്‍ രാജാവ് ജോര്‍ജ്ജ് ആറാമന്റെ പത്നിയാണ് അവസാനമായി ഇത് ധരിച്ചത്. 2,800 മൂല്യങ്ങളായ വജ്രങ്ങളാണ് കിരീടത്തില്‍ ഉള്ളത്. മുന്‍വശത്തെ കുരിശില്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ കട്ട് വജ്രങ്ങളിലൊന്നായ 105 കാരറ്റ് കോഹിനൂര്‍ സ്ഥാപിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണം, പുതിയ കാമില രാജ്ഞിയുടെ കിരീടധാരണം, കോഹിനൂര്‍ ഉപയോഗം തുടങ്ങിയ സമീപകാല സന്ദര്‍ഭങ്ങള്‍ കുറച്ച് ഇന്ത്യക്കാരെയെങ്കിലും ഇന്ത്യയിലെ കൊളോണിയല്‍ ചൂഷണ ചര്‍ച്ചകളിലേക്ക് കൊണ്ടുപോകുമെന്ന് പേരു വെളിപ്പെടുത്താത്ത ബി.ജെ.പി വക്താവ് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന ഖ്യാതിയുണ്ടായിരുന്ന രത്‌നമാണ് കോഹിനൂര്‍ അഥവാ കോഹ്-ഇ നൂര്‍ . പ്രകാശത്തിന്റെ മല എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്‌നത്തിന്റെ പേരിനര്‍ത്ഥം. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നാദിര്‍ ഷായാണ് കോഹിനൂര്‍ എന്ന പേര് ഈ രത്‌നത്തിന് നല്‍കിയതെന്നു കരുതുന്നു. ഇന്ത്യയില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലുള്ള കൊല്ലൂര്‍ എന്ന സ്ഥലത്തു നിന്ന് ഖനനം ചെയ്‌തെടുത്ത ഈ വജ്രക്കല്ല്, ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗള്‍ രാജാക്കന്മാരുടേയും പേര്‍ഷ്യന്‍, അഫ്ഗാന്‍ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ കൈകളിലാകുകയും ചെയ്തു. വിക്‌റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായപ്പോള്‍, 1877-ല്‍ ഈ രത്‌നം അവരുടെ കിരീടത്തിന്റെ ഭാഗമായി. ഇതിനുവേണ്ടിയാണ്, 186 1/16 കാരറ്റ് (37.21 ഗ്രാം) ഭാരമുണ്ടായിരുന്ന ഈ വജ്രക്കല്ലിനെ ഇന്നത്തെ 105.602 കാരറ്റ് (21.61 ഗ്രാം) ആയി ചെത്തിമിനുക്കിയത്.